തെരഞ്ഞെടുപ്പ്; സമുദായ സംഘടനകളെ പ്രീണിപ്പിക്കാന്‍ സര്‍ക്കാരിന്റെ നീക്കം

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സമുദായ സംഘടനകളെ പ്രീണിപ്പിക്കാന്‍ സര്‍ക്കാരിന്റെ നീക്കം. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിനും അംഗീകാരത്തിനും ഏര്‍പ്പെടുത്തിയിരുന്ന കടുത്ത വ്യവസ്ഥകള്‍ ഒഴിവാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചു നടത്തിയ എല്ലാ നിയമനങ്ങളും തസ്തിക നീക്കിവയ്ക്കാമെന്ന മാനേജര്‍മാരുടെ ഉറപ്പ് കണക്കിലെടുത്ത് അംഗീകരിക്കാനാണ് തീരുമാനം. 80 ശതമാനം എയ്ഡഡ് സ്‌കൂളുകളും നടത്തുന്നത് കേരളത്തിലെ പ്രബല സമുദായ സംഘടനകളാണ്.

കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്താനാണ് നിയമനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നത്. 2016 ജനുവരി ഒന്നുമുതല്‍ സ്‌കൂളുകളിലുണ്ടാകുന്ന അധിക തസ്തികകളില്‍ 1:1 എന്ന തരത്തില്‍ അധ്യാപക നിയമനം നടത്തണമെന്നതായിരുന്നു ഇതില്‍ പ്രധാനം. സംരക്ഷിത അധ്യാപകനെ നിയമിക്കാതെ മാനേജര്‍ നടത്തിയ എല്ലാ നിയമനങ്ങളും അസാധുവാക്കും. സംരക്ഷിത അധ്യപകനെ നിയമിക്കുന്ന ദിവസം മുതല്‍ മാത്രമേ മറ്റു നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കുകയുള്ളൂ.

79 ന് ശേഷം തുടങ്ങിയ സ്‌കൂളുകളില്‍ എല്ലാ തസ്തികകളിലും സംരക്ഷിത അധ്യാപകനെ നിയമിക്കണം. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, ക്രൈസ്തവ സഭകള്‍, മുസ്ലീം സംഘടനകള്‍ എന്നിവര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്തു. മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെ ചോദ്യം ചെയ്ത് മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സമുദായ സംഘടനകള്‍ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം സ്‌കൂളുകളില്‍ മുമ്പ് ലീവ് വേക്കന്‍സിയില്‍ ജോലി ചെയ്ത അധ്യാപകനെ നിയമിച്ചാലും അതു സംരക്ഷിത അധ്യാപക നിയമനമായി കണക്കാക്കും. ഇതിനുശേഷം ഒഴിവു വരുന്ന എല്ലാ തസ്തികകളിലേക്കും നിയമനം നടത്താനുള്ള അവകാശം മാനേജ്‌മെന്റിന് വിട്ടുകൊടുത്തു. ഇതിലൂടെ കോടികളാണ് കോഴയായി മാനേജ്‌മെന്റിന് ലഭിക്കുക. സംരക്ഷിത അധ്യാപകനെ നിയമിക്കാതെ മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന വ്യവസ്ഥയും ഒഴിവാക്കി. സംരക്ഷിത അധ്യാപകനായി ഒരു തസ്തിക ഒഴിച്ചിടുകയോ അല്ലെങ്കില്‍ ജൂണ്‍ ഒന്നിനകം നിയമനം നല്‍കാമെന്ന് മാനേജ്‌മെന്റ് വാഗ്ദാനം ചെയ്താലോ ഇതുവരെ നടത്തിയ എല്ലാ അനധികൃത നിയമനങ്ങളും അംഗീകരിക്കാനാണ് ഉത്തരവില്‍ പറയുന്നത്. എല്ലാ നിയമനങ്ങള്‍ക്കും നിയമന തീയതി മുതല്‍ അംഗീകാരം നല്‍കാനാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top