തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിൽ പറന്ന ഡ്രോണിനെ കണ്ടെത്താൻ ‘ ഓപ്പറേഷൻ ഉഡാൻ’ ആരംഭിച്ചു

തലസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിൽ പറന്ന ഡ്രോണിനെ കണ്ടെത്താൻ ‘ ഓപ്പറേഷൻ ഉഡാൻ’ എന്ന പേരിൽ പോലീസ് അന്വേഷണം ആരംഭിച്ചു.കേന്ദ്ര വ്യോമസേനയുടെയും ഐ.എസ്.ആർ.ഒ യുടെയും സാങ്കേതിക സഹായം തേടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ.
രാത്രി പത്തരയോടെയാണ് പൊലീസ് ആസ്ഥാനത്തിന് മുകളിൽ അജ്ഞാത ഡ്രോണ് പ്രത്യക്ഷപ്പെട്ടത്.പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാർ ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസം കോവളത്തും, വി.എസ്.എസ് .സി.യിലും അജ്ഞാത ഡ്രോൺ കണ്ടിരുന്നു. അതീവ സുരക്ഷയുള്ള പ്രദേശങ്ങളിൽ തുടർച്ചയായി ഡ്രോൺ പ്രത്യക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചത്.
Read Also : സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുകളിൽ ഡ്രോൺ; പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു
ഓപ്പറേഷൻ ഉഡാൻ എന്ന പേരിൽ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ശംഖുമുഖം എ.സിയാകും അന്വേഷണം നടത്തുക . കേന്ദ്ര വ്യോമസേനയുടെയും ഐ.എസ്.ആർ.ഒ യുടെയും സാങ്കേതിക സഹായം തേടാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പോലീസ് ആസ്ഥാനത്തിനു മുകളിൽ കൂടി പറന്ന ഡ്രോണിന്റെ ചിത്രങ്ങൾ പോലീസിനു ലഭിച്ചതായാണ് സൂചന.
ഡ്രോൺ കളിപ്പാട്ടമായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സംഭവത്തെ ഗൗരവമായിട്ടാണ് കാണുന്നതെന്നും സാങ്കേതിക പരിശോധനകൾ നടന്നു വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ.
നഗരപരിധിയിലെ ഡ്രോൺ ഓപ്പറേറ്റർമാരോട് അതാത് പോലീസ് സ്റ്റേഷനുകളിൽ പരിശോധനയ്‌ക്കെത്താൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here