കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം; ടിക്കാറാം മീണ സർക്കാരിനോട് വിശദീകരണം തേടി

കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം നീട്ടാനുള്ള അപേക്ഷയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ സർക്കാരിനോട് വിശദീകരണം തേടി. അടിയന്തരമായി ഉത്തരവിറക്കേണ്ട സാഹചര്യം വിശദീകരിക്കാൻ ചീഫ് സെക്രട്ടറിയോടാണ് ആവശ്യപ്പെട്ടത്. സർക്കാർ വിശദീകരണത്തിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.

ഇടുക്കിയിൽ കർഷക ആത്മഹത്യകൾ തുടർന്നപ്പോഴാണ് വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചത്. മാർച്ച് 5 ന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നത് വരെ ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഉത്തരവ് വൈകിയതിൽ ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തിരുന്നു. പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിംഗ് കമ്മിറ്റി കഴിഞ്ഞ ദിവസമാണ് മന്ത്രിസഭാ തീരുമാനത്തിന് അനുമതി തേടി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

അടിയന്തരമായി പെരുമാറ്റച്ചട്ടത്തിൽ ഇളവു നൽകേണ്ട കാരണം കൃത്യമായി ബോധിപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. വ്യക്തമായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ ഇളവ് നൽകാനാവില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്. കമ്മീഷൻ അനുമതി നിഷേധിച്ചാൽ തെരഞ്ഞെടുപ്പിന് ശേഷമേ ഉത്തരവ് ഇറക്കാനാവൂ. നിലവിൽ ഒക്ടോബർ 31 വരെയാണ് മൊറട്ടോറിയം നിലനിൽക്കുന്നത് .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top