ബലാക്കോട്ട് ഭീകരവിരുദ്ധ നടപടി പുൽവാമ ആക്രമണത്തിനുള്ള തിരിച്ചടി ആയിരുന്നില്ല : വെളിപ്പെടുത്തലുമായി അരുൺ ജെയ്റ്റ്‌ലി

ബലാക്കോട്ട് ഭീകരവിരുദ്ധ നടപടി പുൽവാമ ആക്രമണത്തിനുള്ള തിരിച്ചടി ആയിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ഭീകരവാദ കേന്ദ്രങ്ങളെ തകർക്കാനുള്ള സൈന്യത്തിന്റെ മുൻ നിശ്ചയിച്ച ഓപ്പറേഷൻ ആയിരുന്നു അത്. ബലാക്കോട്ട് ഭീകരവിരുദ്ധ നടപടി പുൽവാമ ആക്രമണത്തിന് പാക്കിസ്ഥാന് നൽകിയ താക്കീതായ് വ്യാഖ്യാനിക്കേണ്ടെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
തെളിവ് ചോദിച്ചതുമായ് ബന്ധപ്പെട്ട വിവാദങ്ങൾ സജീവ തിരഞ്ഞെടുപ്പ് ചർച്ചയായ് നിലനിൽക്കെ ധനമന്ത്രി അരുൺ ജെയ്റ്റി ബലാക്കോട്ട് സൈനിക നടപടിയ്ക്ക് പുതിയ വ്യാഖ്യാനം നൽകുകയാണ്. പുൽവാമ ആക്രമണത്തിനുള്ള തിരിച്ചടിയോ പാക്കിസ്ഥാനുള്ള മറുപടിയോ അല്ല ബലാക്കോട്ട് സൈനിക നടപടി എന്നാണ് മുതിർന്ന ബി.ജെ.പി നേതാവിന്റെ വാദം. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
ബലാക്കോട്ടെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യയെ ലക്ഷ്യമാക്കി നീങ്ങാൻ ഭീകരവാദികൾ തയ്യാറെടുക്കുന്നതായ് രഹസ്യാന്വേഷണ വിവരം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേന ഭീകരവിരുദ്ധ പ്രത്യാക്രമണത്തിന് തിരുമാനിച്ചത്. പുൽവാമ ആക്രമണത്തെ തുടർന്നുള്ള നടപടി അല്ലായിരുന്നു അത്. ബലാക്കോട്ട് സൈനിക നടപടി ഭീകരവാദ കേന്ദ്രങ്ങളിൽ വൻ നാശമാണ് ഉണ്ടാക്കിയത്. ഇത് മറച്ച് വയ്ക്കാൻ പാക്കിസ്ഥാൻ എത്ര ശ്രമിച്ചാലും ആവശ്യമെങ്കിൽ വ്യക്തമായ തെളിവുകൾ നിരത്താൻ ഇന്ത്യയ്ക്ക് സാധിക്കും . വിപുലമായ അർത്ഥത്തിൽ ഭീകരത ഇല്ലാതാക്കലാണ് ലക്ഷ്യം എന്നുള്ളത് കൊണ്ട് ഇന്ത്യ അതിന് തയ്യാറാകാത്തതെന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. എത്ര ഭീകരവാദികൾ ബലാക്കോട്ട് ഭീകരവിരുദ്ധ നടപടിയിൽ കൊല്ലപ്പെട്ടു എന്ന ചോദ്യത്തോട് മുതിർന്ന കേന്ദ്രമന്ത്രി തന്ത്രപരമായ അകലം പാലിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here