Advertisement

‘ഞാന്‍ ആദ്യം കമ്മ്യൂണിസ്റ്റുകാരനായി, അതിന് ശേഷമാണ് സിനിമാ നടനായത്’: മണികണ്ഠന്‍ ആചാരി

March 28, 2019
0 minutes Read

താന്‍ ആദ്യമൊരു കമ്യൂണിസ്റ്റുകാരനാണെന്നും അതുകഴിഞ്ഞാണ് സിനിമ നടന്‍ ആകുന്നതെന്നും നടന്‍ മണികണ്ഠന്‍ ആചാരി. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു തനിക്കെതിരേയുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. മാമാങ്കം സിനിമയുടെ ഷൂട്ടിംഗിനിടയില്‍ നിന്നാണ് മണികണ്ഠന്‍ രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയത്.

എംപിയായാലും എംഎല്‍എ ആയാലും അവരെ ചേട്ടാ എന്നു വിളിക്കാന്‍ പറ്റുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഒരു പ്രത്യേകതയാണ്. രാജീവേട്ടനെ തനിക്ക് ചെറുപ്പം മുതല്‍ അറിയാം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച്, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്ത് സിനിമയിലേക്ക് എത്തിയ ആളാണ് താന്‍. എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച അവസരത്തില്‍ തന്നെ ദേശാഭിമാനിയോട് സംസാരിക്കുമ്പോള്‍ രാജീവേട്ടന്‍ ജയിക്കണമെന്നും ജയിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ പറഞ്ഞശേഷം പലരും തന്നെ വിമര്‍ശിച്ച് രംഗത്തെത്തിയെന്ന് മണികണ്ഠന്‍ പറയുന്നു.

സിനിമയില്‍ എത്തിക്കഴിഞ്ഞാല്‍ അല്ലെങ്കില്‍ കുറച്ചു പൈസയൊക്കെ ആയിക്കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് ആകുന്നതും ഏതെങ്കിലും നേതാവിനെ സപ്പോര്‍ട്ട് ചെയ്യുന്നതുമൊക്കെ പാഷനായിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം. താന്‍ ആദ്യം ഒരു കമ്യൂണിസ്റ്റുകാരനാവുകയാണ് ചെയ്തത്. അതു കഴിഞ്ഞിട്ടാണ് സിനിമ നടനായത്. ഒരു കമ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ കഴിയുന്നത്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമെ തനിക്കുള്ളൂ. പക്ഷേ, ഏതു വേദിയിലും ഏതുഭാഷയും കൈകാര്യം ചെയ്യാന്‍ എനിക്ക് സാധിച്ചത് ഈ പ്രസ്ഥാനവുമായുള്ള സമ്പര്‍ക്കം മൂലമാണ്. അതുകൊണ്ട് തനിക്ക് ഇതൊരു പാഷനല്ല, ഇതെന്റെ ചോരയിലുള്ളതാണെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top