വയനാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അണികള്‍ക്കിടയില്‍ നിരാശയെന്ന് ഐ സി ബാലകൃഷ്ണന്‍

വയനാട്ടില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ അണികള്‍ക്കിടയില്‍ നിരാശയുണ്ടെന്ന് ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍. ഇത് സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കും. നേതാക്കള്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ് ആവര്‍ത്തിച്ചു.

അതിനിടെ വയനാട്ടില്‍ മത്സരിക്കേണ്ടതില്ല എന്ന ധാരണയില്‍ രാഹുല്‍ ഗാന്ധി എത്തിയതായി സൂചനകള്‍ പുറത്തുവന്നു. ഘടക കക്ഷികളുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് വയനാട്ടില്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി എത്തിയതെന്നാണ് വിവരം.

Read more: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല

രാഹുല്‍ വയനാട്ടില്‍ മത്സരിക്കേണ്ടതില്ല എന്ന ശക്തമായ നിലപാടാണ് ഘടകകക്ഷികള്‍ സ്വീകരിച്ചിരിക്കുന്നത്. എന്‍സിപി മുതിര്‍ന്ന നേതാവ് ശരത് പവാറാണ് ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നേതാക്കളെ ശരത് പവാര്‍ ഫോണില്‍ ബന്ധപ്പെട്ടു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന ആവശ്യം ശരത് പവാര്‍ ഹൈക്കമാന്‍ഡിന് മുന്‍പാകെ വെച്ചതായാണ് വിവരം. ഇത്തരത്തില്‍ വലിയ രീതിയില്‍ സമ്മര്‍ദ്ദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വയനാട്ടില്‍ മത്സരിക്കേണ്ടതില്ല എന്ന ധാരണയില്‍ രാഹുല്‍ എത്തിയതായാണ് വിവരം.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്ന ഒരു സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top