Advertisement

രാഹുൽ വയനാട്ടിൽ മത്സരിക്കരുത്; സമ്മർദ്ദവുമായി സ്റ്റാലിനും

March 29, 2019
1 minute Read

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്നാവശ്യപ്പെട്ട്  തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സ്റ്റാലിൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയുമായി സംസാരിച്ചു. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് ദേശീയതലത്തിലുള്ള പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്തുമെന്നും ഇത് ഒഴിവാക്കണമെന്നുമാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തെ ബാധിക്കുമെന്ന് യുപിഎ സഖ്യകക്ഷി നേതാക്കൾ നേരത്തെ കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു.

Read Also; ഇടതുപക്ഷത്തിന്റെ സമ്മർദ്ദം കാരണം രാഹുൽ കേരളത്തിൽ മത്സരിക്കില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല

വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് നൽകുകയെന്നും തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ സാധ്യതകൾക്ക് ഇത് തിരിച്ചടിയാകുമെന്നും എൻസിപി നേതാവ് ശരദ് പവാറും ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവും രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും അറിയിച്ചിരുന്നു. അതേ സമയം വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം വൈകുകയാണ്.

സഖ്യ കക്ഷികളുടെ ആവശ്യം പരിഗണിച്ച് രാഹുൽ വയനാട്ടിൽ മത്സരിക്കാതിരിക്കാൻ തന്നെയാണ് സാധ്യതയെങ്കിലും ഇക്കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നീളുകയാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെയും വയനാട് സീറ്റിന്റെ കാര്യം ചർച്ച ചെയ്തില്ലെന്നാണ് വിവരം. വയനാട് മത്സരിക്കുന്ന കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയായതിനാൽ തെരഞ്ഞെടുപ്പ് സമിതി യോഗങ്ങളിൽ ഇനി ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്നും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാതിരിക്കുന്നതിന് ഒരു പാർട്ടി ഡൽഹിയിൽ അന്തർനാടകങ്ങൾ നടത്തിയെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top