ഇന്നത്തെ പ്രധാന വാർത്തകൾ (29-03-2019)

കിഫ്ബിയിൽ കേരളത്തിന് ചരിത്ര നേട്ടം; മസാല ബോണ്ട് വഴി സംസ്ഥാനം സമാഹരിച്ചത് 2150 കോടി രൂപ
കിഫ്ബിയിൽ കേരളത്തിന് ചരിത്ര നേട്ടം. മസാല ബോണ്ട് വഴി 2150 കോടി രൂപ സംസ്ഥാനം സമാഹരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് സമാഹരിക്കുന്നത്. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കു വേണ്ടിയുള്ള ധനസമാഹരണത്തിന്‍റെ ആദ്യപടിയാണിതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പ്രതികരിച്ചു.
നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി
പിഎൻബി വായ്പ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടൻ കോടതി തള്ളി. ഇത് രണ്ടാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കേസിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. നീരവിനെതിരെയുള്ളത് അസാധാരണ കേസാണെന്നും കോടതി നിരീക്ഷിച്ചു. ഏപ്രിൽ 26ന് നീരവ് മോദിയെ കോടതിയിൽ ഹാജരാക്കും.
‘പ്രഖ്യാപനം വൈകുന്നതിൽ ആശങ്ക വേണ്ട; ഉചിതമായ തീരുമാനം ഉടൻ’: രാഹുൽ ഗാന്ധി
ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന നേതാക്കളുടെ ആവശ്യത്തെ ന്യായീകരിച്ചു കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഉചിതമായ തീരുമാനം ഉടന്‍ എടുക്കണമെന്നും ഹിന്ദി ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്‍റെ പതിനേഴാം പട്ടികയിലും വയനാടും വടകരയും ഉള്‍പ്പെട്ടില്ല. പ്രഖ്യാപനം വൈകുന്നതിൽ ആശങ്ക വേണ്ടെന്നും പ്രചരണത്തിലൂടെ പ്രതിസന്ധി മറികടക്കാം എന്നാണ് ഹൈകമാൻഡ് വിലയിരുത്തൽ. രാഹുൽ വരാതിരിക്കാൻ ചിലർ ഡൽഹിയിൽ നാടകം കളിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.
ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് അസാധാരണമാം വിധം വര്‍ദ്ധിച്ചതായി കണക്കുകള്‍. 2009-2014 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് വര്‍ദ്ധനവ് കേരളത്തിലെ മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റേതാണ്. 2081 ശതമാനം വര്‍ദ്ധനവാണ് ഇ ടിയുടെ സ്വത്തിലുണ്ടായത്. ബിജെപി എംപിമാരുടെ ആസ്തി 140 ശതമാനവും കോണ്‍ഗ്രസ് എംപിമാരുടെ സ്വത്ത് 109 ശതമാനവും വര്‍ദ്ധിച്ചു. അതേസമയം, ഇടത് എംപി പി കരുണാകരന്റെയും കോണ്‍ഗ്രസ് എംപി കെ വി തോമസിന്റേയും ആസ്തിയില്‍ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഏഴു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവം; മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി
തൊടുപുഴയില്‍ ഏഴുവയസുകാരന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് വ്യക്തമാക്കിയിരുന്നു.
തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചയാള്‍ പിടിയില്‍; പിടിയിലായത് ക്രിമിനല്‍ കേസുകളിലെ പ്രതി
തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണിയാള്‍. കൊലപാത കേസുകള്‍ അടക്കം ഇയാളുടെ പേരിലുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയതിന് രണ്ട് കേസുകളും ഇയാളുടെ പേരിലുണ്ട്.
തൊടുപുഴയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; പ്രതിയുടെ ചിത്രം പുറത്ത്
തൊടുപുഴയിൽ കുട്ടിയെ മർദ്ദിച്ച കേസിലെ പ്രതി അരുൺ ആനന്ദിന്റെ ചിത്രങ്ങൾ പുറത്ത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണിയാൾ. കൊലപാത കേസുകൾ അടക്കം ഇയാളുടെ പേരിലുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയതിന് രണ്ട് കേസുകളും ഇയാളുടെ പേരിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here