വാണിജ്യ നിക്ഷേപം; സൗദിയും ടുണീഷ്യയും കരാറുകളിൽ ഒപ്പുവെച്ചു

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വാണിജ്യ നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സൗദിയും ടുണീഷ്യയും തമ്മിൽ കരാറുകളിൽ ഒപ്പുവെച്ചു. സൗദി രാജാവിന്റെ ടുണീഷ്യൻ സന്ദർശനത്തിനിടെയാണ് കരാറുകൾ ഒപ്പു വെച്ചത്. അറബ് മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇറാനാണെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ടുണീഷ്യൻ സന്ദർശനത്തിനിടെ പ്രധാനമായും രണ്ട് കരാറുകളാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പു വെച്ചത്. ടുണീഷ്യയെ വെള്ളപ്പൊക്ക കെടുതികളിൽ നിന്നും സംരക്ഷിക്കാൻ ആവശ്യമായ പദ്ധതികൾക്ക് സൗദി ലോൺ അനുവദിക്കുന്നതാണ് ഒന്നാമത്തേത്.

ടുണീഷ്യയിലെ എണ്ണ സംസ്‌കരണ മേഖലയ്ക്ക് സൗദിയുടെ സാമ്പത്തിക സഹായമാണ് രണ്ടാമത്തെ കരാർ. സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ അസ്സാഫ്, ടുണീഷ്യൻ വിദേശകാര്യ മന്ത്രി കിമൈസ് ജിനോയ് എന്നിവർ കരാറുകളിൽ ഒപ്പുവെച്ചു. ടുണീഷ്യയുടെ പരമോന്നത ബഹുമതി പ്രസിഡന്റ് ബിജി ഖയിദ് അസ്സബ്‌സി സൽമാൻ രാജാവിന് സമ്മാനിച്ചു.  കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും മേഖലയിലെ പ്രശ്‌നങ്ങളും ചർച്ച ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top