തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ച സംഭവം; അരുൺ ആനന്ദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൊടുപുഴയിൽ കുമാരമംഗലത്ത് ഏഴ് വയസുകാരനെ ആക്രമിച്ച കേസിൽ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആനന്ദിന്‍റെ അറസ്റ്റ്‌ പോലീസ് ഇന്നലെ രേഖപെടുത്തിയിരുന്നു. അതേസമയം കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അടുത്ത 24 മണിക്കൂർ നിർണ്ണായകമാണ്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി കുട്ടിക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. രണ്ട് കുട്ടികളുടെയും സംരക്ഷണ ചുമതല സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞ്. മരുന്നുകള്‍ കൊണ്ടാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. നവംബര്‍ മുതലാണ് അമ്മയുടേയും മക്കളുടേയും കൂടെ ഇയാള്‍ താമസിക്കാന്‍ തുടങ്ങിയത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. 48മണിക്കൂര്‍ നിരീക്ഷണത്തിലാണ് കുട്ടി. കുട്ടികളുടെ ചികിത്സാ ചെലവും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദഗ്ധ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് വ്യക്തമാക്കി.

യുവതിയേയും കുട്ടികളേയും ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം സ്‌ക്കൂളില്‍ പറഞ്ഞതിനാണ് ഇയാള്‍ കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് മക്കളെ ചോദ്യം ചെയ്തു. ചെറിയ കുഞ്ഞിനെ ആക്രമക്കുന്നത് കണ്ട മൂത്തക്കുട്ടി നിലവിളിച്ചു. നേരത്തെ കുഞ്ഞിനോട് വൈരാഗ്യം ഉണ്ടായിരുന്ന ആള്‍ അതിക്രൂരമായി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന യുവതിയുടെ മുഖത്ത് അടിയ്ക്കുകയും ചെയ്തു.

തൊടുപുഴ സ്വദേശിയാണ് കുട്ടിയുടെ അമ്മ. ഇവരുടെ ഭര്‍ത്താവിന്റെ ബന്ധുവാണ് അരുണ്‍. അമ്മയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ബാലാവകാശ കമ്മീഷനും സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് സൂചന. വടി ഉപയോഗിച്ച് തലയ്ക്കും കണ്ണിനും അടിച്ചെന്ന് കുട്ടിയുടെ മൂന്നര വയസുകാരനായ സഹോദന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആക്രമണത്തില്‍ സഹോദരനും പരിക്കേറ്റിട്ടുണ്ട്. താടിയെല്ലിനും പല്ലിനുമാണ് പരിക്ക്. ഈ കുട്ടിയെ അമ്മൂമ്മയോടൊപ്പം പോകാന്‍ പൊലീസ് അനുവദിച്ചു. പ്രതി കുട്ടിയെ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടിയെന്നും അലമാരിക്ക് ഇടയില്‍ വെച്ച് ഞെരിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top