Advertisement

ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല

March 31, 2019
0 minutes Read
Jacob Thomas DGP

മുന്‍ ഡിജിപി ജേക്കബ്തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ നാലിന് മുമ്പ്സ്വയം വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായത്. ഇതോടെ കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മുന്നണിയും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്ന കാര്യം പരിശോധിക്കുമെന്ന നിലപാടിലാണ്.

ജേക്കബ് തോമസ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. ഏപ്രില്‍ ഒന്ന് കണക്കാക്കിയായിരുന്നു അദ്ദേഹം അപേക്ഷ നല്‍കിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ നാല് ആണെന്നിരിക്കെ ജേക്കബ് തോമസിന് വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായതുകൊണ്ട് കേന്ദ്രതലത്തിലും നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും നിര്‍ണ്ണായകമാകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ നാലിനകം ജേക്കബ് തോമസിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക പ്രായോഗികമല്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്. സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയെന്നും ജനപ്രാതിനിധ്യ നിയമപ്രകാരം തനിക്ക് മത്സരിക്കാന്‍ കഴിയുമെന്നുമായിരുന്നു ജേക്കബ് തോമസ് നേരത്തേ വ്യക്തമാക്കിയത്. എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് നിയമ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. അത്തരത്തില്‍ പത്രിക സമര്‍പ്പിച്ചാല്‍ അത് തള്ളാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വന്റി ട്വന്റിയുമായി ഇത് സംബന്ധിച്ച് ജേക്കബ് തോമസ് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അഴിമതിക്ക് എതിരെ പോരാടുന്നതിനാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നായിരുന്നു ജേക്കബ് തോമസ് വ്യക്തമാക്കിയത്. ഒന്നര വര്‍ഷത്തോളം സര്‍വീസ് ബാക്കി നില്‍ക്കെ സര്‍വീസില്‍ നിന്നും സ്വയം വിരമിക്കല്‍ എടുത്ത് മത്സരിക്കാനായിരുന്നു ജേക്കബ് തോമസ് തീരുമാനിച്ചത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top