Advertisement

തണ്ടർ സ്നോ ദുബായ് വേൾഡ് കപ്പിൽ മുത്തമിട്ടു

March 31, 2019
0 minutes Read

ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവിൽ അവസാന സെക്കൻഡുകളിൽ മൂന്നാംസ്ഥാനത്തുനിന്ന് കുതിച്ചെത്തിയ തണ്ടർ സ്നോ ദുബായ് വേൾഡ് കപ്പിൽ മുത്തമിട്ടു. തുടർച്ചയായ രണ്ടാം വർഷമാണ് ദുബായിയുടെ സ്വന്തം ഗൊഡോൾഫിൻ ടീമിലെ തണ്ടർ സ്നോ ഈയിനത്തിൽ ജേതാവാകുന്നത്. 1.2 കോടി അമേരിക്കൻ ഡോളറിന്റെ സമ്മാനമാണ് തണ്ടർ സ്നോ ആ കുതിപ്പിലൂടെ സ്വന്തമാക്കിയത്. ദുബായ് വേൾഡ് കപ്പിന്റെ 24 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കുതിര തുടർച്ചയായ രണ്ടാം വർഷവും ഈ കിരീടം സ്വന്തമാക്കുന്നത്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ സ്വന്തമായ ഗൊഡോൾഫിൻ ടീമും തണ്ടർ സ്നോയും ഇതോടെ ദുബായിയുടെ അഭിമാനങ്ങളായി. ഏറെ ആവേശത്തോടെയാണ് തണ്ടർ സ്നോ കുതിച്ചെത്തുന്നത് ശൈഖ് മുഹമ്മദും ദുബായ് കിരീടാവകാശി ശൈഖ് ഹംദാനും മറ്റ് രാജകുടുംബാംഗങ്ങളുമെല്ലാം നോക്കിക്കണ്ടത്. തങ്ങളുടെ കുതിര ജേതാവായത് കണ്ടതോടെ പരസ്പരം ചുംബിച്ച് അവർ സന്തോഷം പങ്കുവെച്ചു.

കഴിഞ്ഞവർഷത്തെ നേട്ടം ആവർത്തിക്കാനായതിലെ സന്തോഷം മെയ്ദാനിലെ ഗ്രാൻഡ് സ്റ്റാൻഡിൽ കണ്ണിമ ചിമ്മാതെ നോക്കിനിന്ന ആയിരങ്ങളും പങ്കുവെച്ചു. വൻ ഹർഷാരവത്തോടെയാണ് അവർ തണ്ടർ സ്നോയുടെ പരിശീലകനെയും ജോക്കിയെയും വിജയപീഠത്തിലേക്ക് സ്വീകരിച്ചത്.

മഴയും പൊടിക്കാറ്റുമെല്ലാം മാറിനിന്ന സായാഹ്നത്തിൽ വിവിധ വേഷക്കാരായ ദമ്പതിമാര്ക്കും മികച്ച തൊപ്പി ധരിച്ചവർക്കും നന്നായി വസ്ത്രധാരണം ചെയ്തവർക്കുമെല്ലാമായി മത്സരങ്ങളുണ്ടായിരുന്നു. നൂറു കണക്കിനാളുകളാണ് ഇതിനായി മത്സരിച്ചെത്തിയത്. മത്സരശേഷം മികച്ച വെടിക്കെട്ടും സംഗീതപരിപാടികളും അരങ്ങേറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top