ബന്ധു നിയമനം; സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

ബന്ധു നിയമനത്തിൽ സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. കെ.ടി. ജലീലിനെതിരെ പി.കെ. ഫിറോസ് നൽകിയ ഹർജിയിലാണ് നടപടി. ഫിറോസിന്റെ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് വിജിലൻസ് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. പരാതിയിൽ നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.

ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ വിജിലൻസ് അന്വേഷണമില്ലെന്ന് സർക്കാർ നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയിൽ തുടർനടപടി ആവശ്യമില്ലെന്ന് വിജിലൻസ് തീരുമാനിക്കുകയും ഈ നിലപാട് സർക്കാർ അംഗീകരിക്കുകയുമായിരുന്നു. വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടന്ന് വെച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. ഈ വിഷയത്തിൽ സർക്കാർ എന്തോ മറയ്ക്കാൻ ശ്രമിക്കുകയാണ്. സർക്കാരിന്റെ ഭാഗമായ മന്ത്രിക്കെതിരെ അന്വേഷണം വേണ്ടന്ന് വെക്കുന്നത് സർക്കാർ തന്നെയാണ്. സർക്കാർ തീരുമാനത്തിനെതിരെ കോടതി വഴി നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് നേരത്തെ പറഞ്ഞിരുന്നു.

ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ തലപ്പത്ത് നിയമനം നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്നായിരുന്നു ആരോപണം. ജലീലിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതോടെ മന്ത്രി പ്രതിക്കൂട്ടിലായി. ഇന്റർവ്യൂവിൽ പങ്കെടുത്ത മൂന്ന് പേർക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റർവ്യൂവിൽ പങ്കെടുക്കാതിരുന്ന അദീബിന് നിയമനം നൽകിയെന്നതുമായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സർക്കാർ റദ്ദാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top