രാഷ്ട്രീയ ലാഭം കൊയ്യാന്‍ ബിജെപിയും കോണ്‍ഗ്രസും ശബരിമല യുവതീ പ്രവേശനം ഉപയോഗിച്ചു; വിമര്‍ശനവുമായി എന്‍എസ്എസ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമദൂര നിലപാടാണെങ്കിലും വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളുമെന്ന് എന്‍എസ്എസ്. ശബരിമല യുവതീ പ്രവേശനം രാഷ്ട്രീയ ലാഭം കൊയ്യാനുള്ള അവസരമായി ബിജെപിയും കോണ്‍ഗ്രസും കണ്ടുവെന്നും എന്‍എസ്എസ് മുഖപത്രമായ സര്‍വ്വീസിലെ മുഖപ്രസംഗം കുറ്റപ്പെടുത്തി. ശബരിമലയുടെ പേരില്‍ വോട്ടു പിടിക്കാന്‍ ആര്‍ക്കാണ് അവകാശമെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്നും എന്‍എസ്എസ് വ്യക്തമാക്കി
വിശ്വാസ സംരക്ഷകര്‍ എന്ന ലേബലില്‍ എന്‍എസ്എസിന്റെ പിന്തുണ കൂടി പ്രതീക്ഷിച്ചാണ് ഇക്കുറി ബിജെപി കളത്തിലിറങ്ങിയത്. ഈ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ ഏല്‍പ്പിച്ചാണ് എന്‍എസ്എസ് രാഷ്ട്രീയ നിലപാട് അറിയിച്ചത്. ഈശ്വര വിശ്വാസം നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരോ ബിജെപിയോ യാതൊന്നും ചെയ്തില്ലെന്നാണ് എന്‍എസ്എസിന്റെ ആരോപണം. ശബരിമല സ്ത്രീ പ്രവേശനത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയും രംഗത്തെത്തി. എന്നാല്‍ യുഡിഎഫ് ഇക്കാര്യത്തില്‍ നിയമനടപടികള്‍ക്ക് പോയെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ശബരിമലയില്‍ നിയമനടപടിയെടുക്കാതെ പ്രക്ഷോഭത്തിനിറങ്ങിയ ബിജെപിയേയും മുഖപ്രസംഗം വിമര്‍ശിക്കുന്നുണ്ട്. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം ആവശ്യപ്പെടാമായിരുന്നു എങ്കിലും സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ലമെന്റ്് തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് ശബരിമല ഉത്സവത്തിന് നടതുറന്നപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. വിശ്വാസത്തിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ ആര്‍ക്കാണ് അവകാശമെന്നത് വിശ്വാസി സമൂഹം തീരുമാനിക്കുമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here