എ വിജയരാഘവന്റെ വിവാദ പരാമര്‍ശം; തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും

ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ തിരൂര്‍ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുക. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി തൃശൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് കൈമാറുകയായിരുന്നു.
രമ്യക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഇന്നലെയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പ്രസംഗം നടന്ന പൊന്നാനി തിരൂര്‍ പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നതാണ്. അക്കാരണത്താലാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈഎസ്പിക്ക് കൈമാറിയത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടര്‍ നടപടി സ്വീകരിക്കുക.
മോശം പരാമര്‍ശം, സ്ത്രീത്വത്തെ അപമാനിച്ചു, ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ വകുപ്പ് പ്രകാരം ഉള്‍പ്പെടെ കേസെടുക്കണമെന്നാണ് രമേശ് ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യങ്ങള്‍ തിരൂര്‍ തിരൂര്‍ ഡിവൈഎസ്പി പരിശോധിക്കുകയും തൃശൂര്‍ റേഞ്ച് ഐജിക്ക് കൈമാറുകയും ചെയ്യും. അതിന് ശേഷമാകും അന്വേഷണം ഉള്‍പ്പെടെ തുടര്‍ നടപടികള്‍ ഉണ്ടാകുക.
കഴിഞ്ഞ ദിവസം പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കുകയും വിജയരാഘവനെതിരെ നിരവധി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here