പെരുന്തല്ലൂരില്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കിയ കടയ്ക്ക് തീപിടിച്ചു

പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കിയ കടയ്ക്ക് തീപിടിച്ചു. തിരൂര്‍ പെരുന്തല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ആക്രികടക്കാണ് ബുധനാഴ്ച രാവിലെ തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് ഇടയാക്കിയത്. ഫയര്‍ഫോഴ്സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീയണച്ചത്.
പെരുന്തല്ലൂര്‍ സ്വദേശി കുരൂര്‍ അബ്ദുറഹ്മാന്റെ ഉടമസ്ഥതതയിലുള്ള ആക്രിക്കടയ്ക്കും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇയാളുടെ വര്‍ക്ക് ഷോപ്പിനുമാണ് തീപിടിച്ചത്. കടയില്‍ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ തന്നെ തിരൂര്‍ പൊന്നാനി ഫയര്‍ഫോഴ്സ് യൂണിറ്റുകളെ വിവരമറിയിക്കുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടയ്ക്ക് തൃപ്രങ്ങോട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കിലും തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.
ലൈസന്‍സോ കെട്ടിട നമ്പറോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടയ്ക്ക് എങ്ങനെ വൈദ്യുതി ലഭിച്ചുവെന്നത് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.സംഭവത്തെ തുടര്‍ന്ന് പെരുന്തല്ലൂര്‍ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here