പരാമർശം അനുചിതം; വിജയരാഘവൻ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് വി.എസ്

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പരാമർശം അനുചിതമാണെന്ന് വി.എസ് അച്യുതാനന്ദൻ. ഇത്തരം കാര്യങ്ങളിൽ എൽഡിഎഫ് കൺവീനർ കൂടുതൽ ജാഗ്രത കാണിക്കണമെന്നും വി എസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മറ്റുള്ളവരുടെ പ്രസംഗവാക്യങ്ങൾ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കുമ്പോൾ ഇത്തരം ആശയക്കുഴപ്പങ്ങളുണ്ടാവാതെ നോക്കാൻ യുഡിഎഫ് നേതാക്കളും ശ്രദ്ധിക്കണമെന്നും അല്ലെങ്കിൽ മലർന്നു കിടന്ന് തുപ്പുന്നതു പോലെയായിരിക്കുമെന്നും വി എസ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.
വി എസ് അച്യുതാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പഴയ ഐസ്‌ക്രീം പാർലർ കേസ് ഏത് രീതിയിൽ അട്ടിമറിച്ചു എന്നതിൻറെ നാൾവഴികൾ വെളിപ്പെടുത്തലുകളായും, മൊഴികളായും കുറ്റസമ്മതമായും നമ്മൾ അറിഞ്ഞതാണ്. ആ അട്ടിമറിയെക്കുറിച്ചുള്ള അന്വേഷണവും വഴിമുട്ടിയപ്പോഴാണ് ഞാൻ കോടതിയെ സമീപിച്ചത്.
ആ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കോഴിക്കോട് കോടതി മുതൽ സുപ്രീംകോടതി വരെ പോയി, അവസാനം ഇപ്പോൾ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ് ആ കേസ്. അതിനാൽ കേസിൻറെ വിശദാംശങ്ങൾ പറയുന്നില്ല. അടുത്ത ദിവസം കേസ് ഹൈക്കോടതി പരിഗണനയ്ക്ക് വെച്ചിരിക്കുകയാണ്. ഈ കേസ് അട്ടിമറിക്കാനും അന്വേഷണം വഴിമുട്ടിക്കാനുമാണ് യുഡിഎഫ് ഇന്നോളവും ശ്രമിച്ചിട്ടുള്ളത്. ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ് യുഡിഎഫ് അതിവേഗം ബഹുദൂരം സഞ്ചരിച്ചത്. കുറ്റസമ്മതം നടത്തിയ ആളും, അതിലൂടെ വെളിപ്പെടുത്തപ്പെട്ട പ്രതിയും നിരപരാധികളാണ് എന്നാണല്ലോ, അവരുടെ വാദം,
ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മാനഹാനിയുണ്ടാക്കുംവിധം എൽഡിഎഫ് കൺവീനറുടെ ഭാഗത്തുനിന്ന് പ്രസംഗ പരാമർശമുണ്ടായി എന്ന വിവാദം നടക്കുകയാണ്. പ്രസംഗമദ്ധ്യേ ആണെങ്കിൽപ്പോലും, അദ്ദേഹത്തിൻറെ പരാമർശം അനുചിതമായി എന്ന അഭിപ്രായംതന്നെയാണുള്ളത്, എന്നാൽ, യുഡിഎഫുകാർ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള പുറപ്പാടിലാണ്.
പാണക്കാട് തങ്ങളെ കാണാൻ പോയി എന്ന പരാമർശമല്ല, കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയി എന്ന പരാമർശമാണ് മാനഹാനിയുണ്ടാക്കിയതെങ്കിൽ ആ പരാമർശം ഗൗരവമുള്ളതുതന്നെയാണ്. എൽഡിഎഫ് കൺവീനർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കണം. എന്നാൽ, ഒരു വ്യക്തിയെ കാണാൻ ഒരു സ്ത്രീ പോയി എന്ന പരാമർശം ആ സ്ത്രീക്ക് മാനഹാനിയുണ്ടാക്കുമെന്ന് യുഡിഎഫുകാർതന്നെ പറയുമ്പോൾ വാസ്തവത്തിൽ ആ വ്യക്തിക്കല്ലേ മാനഹാനിയുണ്ടാവേണ്ടത്?
മറ്റുള്ളവരുടെ പ്രസംഗവാക്യങ്ങൾ ഇങ്ങനെയൊക്കെ വ്യാഖ്യാനിച്ചെടുക്കുമ്പോൾ ഇത്തരം ആശയക്കുഴപ്പമുണ്ടാവാതെ നോക്കാൻ യുഡിഎഫ് നേതാക്കളും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം, മലർന്നുകിടന്ന് തുപ്പുന്നതുപോലെയായിത്തീരും. തെരഞ്ഞെടുപ്പ് രംഗത്ത് നടക്കേണ്ട രാഷ്ട്രീയ ചർച്ചകൾ വഴിമാറിപ്പോവുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here