വൈറസ് വിവാദം; ആദിത്യനാഥിനെതിരെ ലീഗ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കും.

മുസ്ലീം ലീഗിനെതിരെ വിവാദ പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുസ്ലീം ലീഗ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. ശനിയാഴ്ച രാവിലെ 11ന് ലീഗ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ലീഗ് വൈറസാണെന്ന പരാമർശവും ലീഗ് കൊടി പാക് പതാകയോട് താരതമ്യം ചെയ്തതും കമ്മീഷനെ അറിയിക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.
വയനാട്ടിൽ രാഹുൽഗാന്ധി സ്ഥാനാർഥിയായതിന്റെ പശ്ചാത്തലത്തിലാണ് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം വിവാദ പരാമർശം നടത്തിയത്. മുസ്ലിം ലീഗ് ഒരു വൈറസാണ്. ഈ വൈറസ് ബാധയേറ്റാൽ പിന്നെ രക്ഷയില്ല. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനെ ഈ വൈറസ് ബാധിച്ചിരിക്കുകയാണ്. അവർ ജയിക്കുകയാണെങ്കിൽ ഈ വൈറസ് രാജ്യം മുഴുവൻ ബാധിക്കുമെന്നാണ് ആദിത്യനാഥ് പറഞ്ഞത്.
അതേ സമയം വിവാദ പരാമർശങ്ങളുടെ പേരിൽ ആദിത്യനാഥിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാൽ യോഗിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്യുകയും ചെയ്തു. ലീഗിനെതിരെ യോഗി നടത്തിയ വിവാദ പരാമർശത്തിനു മറുപടിയുമായി സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എം എ ബേബി രംഗത്തെത്തിയിരുന്നു. ക്യാൻസർ ജലദോഷത്തെ കുറ്റം പറയുന്നത് പോലെ എന്നായിരുന്നു ബേബിയുടെ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here