ഫ്രാങ്കോ മുളക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന ചൊവ്വാഴ്ച പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ജലന്തര്‍ രൂപത

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിക്കുന്ന ചൊവ്വാഴ്ച്ച പ്രാര്‍ഥന ദിനമായി ആചരിക്കണമെന്ന് ജലന്തര്‍ രൂപത. വൈദികര്‍ക്കും, വിശ്വാസികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് സന്ദേശമയച്ചു. സത്യം പുറത്തുവരാന്‍ പ്രാര്‍ഥിക്കണമെന്നും ബിഷപ് ആഗ്‌നലോ ഗ്രേഷ്യസ് ആഹ്വാനം ചെയ്തു.
ബിഷപ്പിനെതിരായ കേസില്‍ കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുമെന്നറിഞ്ഞതോടെ സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഇന്നലെ എറണാകുളത്ത് സംഘടിപ്പിക്കാനിരുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മാറ്റിവെച്ചിരുന്നു.
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ബിഷപ്പ് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. 2017 ജൂണ്‍ 27 നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പൊലിസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി. ഇതോടെ പ്രതിക്ക് സര്‍ക്കാരിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ പ്രത്യക്ഷ സമരം തുടങ്ങി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പൊലിസ് അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here