എടപ്പാളിൽ ആക്രമണത്തിനിരയായ നാടോടി പെൺകുട്ടിയെ വാർഡിലേക്ക് മാറ്റി

മലപ്പുറം എടപ്പാളിൽ ആക്രമണത്തിനിരയായ നാടോടി പെൺകുട്ടിയെ വാർഡിലേക്ക് മാറ്റി. കുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ലെന്നു തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ പോലീസ് കാവലിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കൾ ആശുപത്രിയിലുണ്ട്. കുട്ടിയുടെ നെറ്റിയിലാണ് പരിക്കേറ്റത്.
ഇന്നു രാവിലെ പോലീസ് എത്തി കുട്ടിയുടെ മൊഴിയെടുത്തു. ഞായറാഴ്ചയായിരുന്നു സംഭവം. സിപിഎം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി.രാഘവനാണ് കുട്ടിയുടെ തലയ്ക്കടിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തു കുട്ടി അതിക്രമിച്ചുകയറിയെന്നാരോപിച്ചായിരുന്നു മർദ്ദനം.
തമിഴ്നാട്ടുകാരിയായ പതിനൊന്നുവയസുള്ള കുട്ടിയും അമ്മയും മറ്റൊരു സ്ത്രീയുമാണ് ഇവിടെ പഴയ സാധനങ്ങൾ പെറുക്കാനെത്തിയത്. സ്ഥലത്തുണ്ടായിരുന്ന രാഘവൻ ഉടനെ ഇവരെ ആട്ടിയോടിക്കുകയും കുട്ടിയുടെ കൈയിലുണ്ടായിരുന്ന ചാക്ക് പിടിച്ചുവാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ചാക്കിനകത്തുണ്ടായിരുന്ന ഇരുമ്പു പൈപ്പ് കുട്ടിയുടെ നെറ്റിയിൽ പതിച്ച് ആഴത്തിൽ മുറിഞ്ഞു. നെറ്റിപൊട്ടി രക്തമൊലിച്ചുനിന്ന കുട്ടിയെ ഉടനെ പരിസരവാസികൾ ചേർന്നു എടപ്പാളിലെ ഗവണ്മെന്റ് ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമായ സാഹചര്യത്തിലാണ് കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
പ്ലാസ്റ്റിക് ചാക്കിൽ ഭാരമുള്ള എന്തോ വസ്തു ഇട്ട ശേഷമായിരുന്നു ഇയാൾ കുഞ്ഞിനെ ആക്രമിച്ചത്. സംഭവത്തിൽ ആദ്യം തണുപ്പൻ രീതിയിൽ തികരിച്ച പോലീസ് പ്രതിഷേധം ശക്തമായതോടെ സിപിഎം നേതാവിനെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ കുട്ടിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here