റെയ്ഡ്: കണ്ടെത്തിയത് 281 കോടി രൂപ; ആദായ നികുതി വകുപ്പിനു മുൻപേ കണക്ക് പുറത്തുവിട്ട് ബിജെപി

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയും സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 281 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്. പണം ശേഖരിക്കാനായി സംഘടിത ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ആദായനികുതി വകുപ്പ് തിങ്കളാഴ്ച രാത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
ഭോപ്പാൽ, ഇൻഡോർ, ഡൽഹി എന്നിവിടങ്ങളിലെ 52 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. 300 ആദായനികുതി ഉദ്യോഗസ്ഥരാണു റെയ്ഡിൽ പങ്കെടുത്തത്. 14.6 കോടി രൂപ, 252 കുപ്പി മദ്യം, ആയുധങ്ങൾ, കടുവയുടെ തോൽ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തതായി പത്രക്കുറിപ്പിൽ പറയുന്നു. ഡൽഹിയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആസ്ഥാനത്തേയ്ക്ക് ഹവാല മാർഗത്തിലൂടെ ഈയിടെ 20 കോടി രൂപ കടത്തിയതിന്റെ തെളിവും കണ്ടെത്തിയതായി പത്രക്കുറിപ്പിൽ പറയുന്നു.
അതേസമയം, തിങ്കളാഴ്ച രാത്രി ആദായനികുതി വകുപ്പ് റെയ്ഡിൽ കണ്ടെത്തിയ പണത്തിന്റെ കണക്ക് പുറത്തുവിടുംമുന്പ്, തിങ്കളാഴ്ച രാവിലെ തന്നെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ 281 കോടി രൂപയുടെ കണക്ക് ട്വീറ്റ് ചെയ്തു. ഇതിനെ ചോദ്യം ചെയ്തു കോണ്ഗ്രസ് രംഗത്തെത്തി.
म प्र मे तबादला एक्सप्रेस पटरी से उतरने के कारण दुर्घटनाग्रस्त
जान का कोई नुकसान नही लेकिन 281 करोड़ के माल के नुकसान का अनुमान??
— Chowkidar Kailash Vijayvargiya (@KailashOnline) April 8, 2019
ആദായനികുതി വകുപ്പ് പുറത്തുവിടാൻ പോകുന്ന കണക്ക് എങ്ങനെയാണു ബിജെപി നേതാവിനു ലഭിച്ചതെന്ന് കമൽനാഥിന്റെ മീഡിയ കോഓഡിനേറ്റർ നരേന്ദർ സലുജ ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here