എഫ് 16 വിമാനം തകർത്തതിന് തെളിവുണ്ടെന്ന് വ്യോമസേന; ഇ- സിഗ്നേച്ചര്‍ പുറത്തുവിട്ടു

പാക്കിസ്ഥാന്റെ എഫ് 16 വിമാനം അധിനിവേശ കാഷ്മീരിൽ വീഴ്ത്തിയതിന് തെളിവുണ്ടെന്ന് വ്യോമസേന. ആകാശത്തെ ഏറ്റുമുട്ടലിന്റെ ഇ- സിഗ്നേച്ചര്‍ പുറത്തുവിട്ടു. രഹസ്യ സ്വഭാവം കാരണം വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്നും എയർ സ്റ്റാഫ് (ഓപറേഷൻസ്) അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ അറിയിച്ചു.
പാക്കിസ്ഥാന്റെ എഫ് 16 വിമാനങ്ങളിൽ ഒന്നുപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഫോറിൻ പോളിസി എന്ന അമേരിക്കൻ മാസിക റിപ്പോർട്ട് ചെയ്തിരുന്നു. എഫ് 16 ആക്രമണത്തിന് ഉപയോഗിച്ചില്ലെന്നും അവ ഒന്നും തകർന്നില്ലെന്നും കണ്ട് ബോധ്യപ്പെടാൻ പാക്കിസ്ഥാൻ അമേരിക്കയെ ക്ഷണിച്ചു. അതനുസരിച്ചു നടത്തിയ പരിശോധനയിൽ എല്ലാ വിമാനങ്ങളും ഉണ്ടെന്നു കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യോമസേന വ്യക്തത വരുത്തിയത്.
പാക് അധിനിവേശ കാഷ്മീരിലെ നൗഷേര മേഖലയിലാണ് എഫ് 16നെ വീഴ്ത്തിയതെന്ന് അസിസ്റ്റന്റ് ചീഫ് എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ പറഞ്ഞു. ഫെബ്രുവരി 27-ന് പാക്കിസ്ഥാന്റെ ഒരു വിമാനം തിരിച്ചെത്തിയില്ലെന്ന കാര്യം പാക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമായിരുന്നു. ‘ഇജക്ഷൻ’ സംബന്ധിച്ച ഇലക്ട്രോണിക് സിഗ്നേച്ചറുകളിലും പാക്കിസ്ഥാന്റെ എഫ്-16 ആണെന്ന സൂചനയുണ്ടായിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
പാക് എഫ്16 മിഗ് 21-ന്റെ ആക്രമണത്തിൽ തകർക്കപ്പെട്ടുവെന്ന് ഇതാദ്യമായാണ് വ്യോമസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here