Advertisement

റെക്കോര്‍ഡുകള്‍ തിരുത്തിയ കെ എം മാണിയുടെ രാഷ്ട്രീയ ജീവിതം

April 9, 2019
1 minute Read

കേരളം കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് വിടവാങ്ങിയിരിക്കുന്നത്. മാണിയുടെ രാഷ്ട്രീയ ജീവിതത്തിലേക്ക്

1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ശ്രീ ബേബി ജോണിന്റെ റെക്കോര്‍ഡാണ് 2003 ജൂണ്‍ 22 ന് മറികടന്ന് സ്വന്തം പേരിലാക്കിയത്. 7 മന്ത്രിസഭകളിലായി 6061 ദിവസമാണ് അദ്ദേഹം മന്ത്രിയായി തുടര്‍ന്നത്.

പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും. അച്യുതമേനൊന്റെ ഒരു  മന്ത്രിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി കെ വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു.

ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളില്‍  മന്ത്രിയാകാന്‍ അവസരം ലഭിച്ചു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജിവെക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.

ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും കെ എം മാണിയുടെ പേരിലാണ്. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തെരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.

ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തത് കെ എം മാണിയാണെന്ന പ്രത്യേകത കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ കാലവും (51 വര്‍ഷം) ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗം (13 തവണ), കൂടുതല്‍ തവണ ബജറ്റ് അവതരണം തുടങ്ങിയ റെക്കോര്‍ഡുകളും മാണിയുടെ പേരിലാണ്.

ബാര്‍ കോഴ അഴിമതി ആരോപണവും രാജിയും

2014-ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തു എന്ന് ബിജു രമേശ് ആരോപണമുന്നയിച്ചു. ബാര്‍ കോഴ കേസില്‍ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു. ബാര്‍കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ഉത്തരവിനെതിരെ വിജിലന്‍സ് വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി കേസ് പരിഗണിക്കവെ നടത്തിയ ‘മന്ത്രിസ്ഥാനത്ത് കെ എം മാണി തുടരുന്നത് ജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്ന’ കോടതിയുടെ പരാമര്‍ശം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ രാജിക്ക് സമ്മര്‍ദ്ദമേറി. സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്നായിരുന്നു കോടതി പരാമര്‍ശം. കേസിലെ പ്രതികൂല കോടതിവിധിയെ തുടര്‍ന്ന് കെ എം മാണി മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top