സഹപ്രവർത്തകനെ കാണാനെത്തിയ സിപിഎം അംഗം പൊലീസിന്റെ ഫോൺ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ വെച്ച് രാത്രി തന്നെ പ്രതിയെ പൊക്കി പൊലീസ്

സ്ഥാനാർഥികളുടെ പോസ്റ്റർ നശിപ്പിച്ച സംഭവത്തിൽ പിടിയിലായ സിപിഎം പ്രവർത്തകനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം സ്റ്റേഷനിലെ പൊലീസുകാരന്റെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞു രാത്രിയോടെ തന്നെ പിടികൂടി. സിപിഎം തൃക്കടവൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം മുരുന്തൽ സ്വദേശി കിരണിനെ(40)യാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടാം പ്രതി മുരുന്തൽ സ്വദേശി രഞ്ജിത്ത്(28) ഒളിവിലാണ്.
സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു സിപിഎം പ്രവർത്തകനായ ബിനു ബോസിനെ(30) അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയ കിരണും പൊലീസുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നു പുറത്തേക്കു പോകുന്നതിനിടെ മേശപ്പുറത്തുണ്ടായിരുന്ന സ്മാർട്ഫോൺ കൈക്കലാക്കി സ്റ്റേഷനു പുറത്തുണ്ടായിരുന്ന രഞ്ജിത്തിനെ ഏൽപിച്ചുവെന്നാണ് വിഷയത്തിൽ പൊലീസിൻ്റെ വിശദീകരണം.
ഫോൺ കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കിരൺ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നു മനസ്സിലായി. രാത്രി തന്നെ കിരണിനെ അറസ്റ്റ് ചെയ്യുകയും രഞ്ജിത്തിന്റെ വീട്ടിൽ നിന്നു ഫോൺ കണ്ടെത്തുകയും ചെയ്തു. പോസ്റ്റർ നശിപ്പിച്ച കേസിൽ ബിനു ബോസിനെയും മോഷണക്കേസിൽ കിരണിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here