രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും.യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്കും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കും ഒപ്പമാണ് രാഹുൽ പത്രികാ സമർപ്പണത്തിനെത്തുക. രാഹുലിന്റെ റോഡ് ഷോയും ഇതിന് മുന്നോടിയായി നിശ്ചയിച്ചിട്ടുണ്ട്. മുൻഷിഗഞ്ച് മുതൽ ഗൗരിഗഞ്ച് വരെയാണ് റോഡ് ഷോ നടക്കുക. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിൽ രാഹുലിന്റെ എതിരാളി. 2014ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ പരാജയപ്പെടുത്തിയിരുന്നു.
എന്നാൽ ഇത്തവണ രാഹുലിന്റെ ഭൂരിപക്ഷം കുറയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ 15 വർഷമായി രാഹുൽ ഗാന്ധിയാണ് അമേഠി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയ്ക്ക് പുറമേ വയനാട് മണ്ഡലത്തിൽ നിന്നു കൂടി രാഹുൽ ഇത്തവണ ജനവിധി തേടുന്നുണ്ട്. വയനാട്ടിലെ മത്സരത്തിനായി ഏപ്രിൽ നാലിന് രാഹുൽ ഗാന്ധി വയനാട്ടിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here