കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി; സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍

കെ ജി ശിവാനന്ദനെ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ശിവാനന്ദന്റെ ജില്ലാ സെക്രട്ടറി സ്ഥാനത്തിനെതിരെ ജില്ലാ കൗണ്‍സിലില്‍ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ശിവാനന്ദന്‍. നിലവില്‍ AITUC സംസ്ഥാന സെക്രട്ടറിമാരിലൊരാളാണ്.
അതേസമയം, ജില്ലാ സമ്മേളനത്തില്‍ നിന്ന് നാട്ടിക എംഎല്‍എ സിസി മുകുന്ദന്‍ ഇറങ്ങിപ്പോയി. ജില്ലാ കൌണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് എംഎല്‍എ ഇറങ്ങിപ്പോയത്. സിപിഐക്കാരനായി തന്നെ തുടരുമെന്ന് എംഎല്‍എയുടെ പ്രതികരണം.
കള്ള ഒപ്പിട്ട് തന്നെ പറ്റിച്ച് പണം തട്ടിയ പിഎക്ക് എതിരെ പരാതി ഇല്ലെന്ന് പറയാന്‍ നേതൃത്വം ആവശ്യപ്പെട്ടു. അത് പറ്റില്ലെന്നും അയാളെ വിളിച്ച് അന്വേഷിച്ച് പാര്‍ട്ടി നടത്തി സ്വീകരിക്കണമെന്നും താന്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ വിഷമമില്ല. അഴിമതിക്കാരെ പാര്‍ട്ടിയില്‍ നിലനിര്‍ത്താന്‍ പറ്റില്ല. വി.എസ് സുനില്‍കുമാറും ജില്ലാ സെക്രട്ടറിയും അടക്കമുള്ളവര്‍ എതിരായി സംസാരിച്ചു. പറയാനുള്ള കാര്യങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. അവരുടേതായ ആളുകള്‍ വരാന്‍ വേണ്ടിയാണ് തന്നെ ഒഴിവാക്കിയത്. സിപിഐക്കാരനായി തന്നെ തുടരും – സിസി മുകുന്ദന്‍ പറഞ്ഞു.
Story Highlights : K. G. Sivanandan, CPI Thrissur District Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here