അമിത് ഷായുടെ വയനാട് പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ശക്തമായ വികാരമാണ് കേരളത്തില്‍ നിന്നുള്ള നേതാക്കളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന്‍, മുന്‍ ദേന്ദ്രസഹമന്ത്രിയും എംപിയുമായ കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ രംഗത്തെത്തി. കക്ഷി രാഷ്ട്രീയം മറന്ന് ബിജെപിക്കെതിരെ നേതാക്കള്‍ ഒറ്റക്കെട്ടായാണ് പ്രതികരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ചരിത്രം ഇല്ലാത്തതിനാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്ക് അമിത് ഷായ്ക്കറിയില്ല. സ്വാതന്ത്ര്യസമരത്തില്‍ എന്തെങ്കിലും പങ്കു വഹിച്ചവര്‍ക്കേ അത്തരം ചരിത്രങ്ങള്‍ അറിയാനാകുകയുള്ളു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരായ ഈ രാജ്യത്തിന്റെ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെപ്പറ്റി എന്തെങ്കിലും അറിയാമോ? പഴശ്ശിരാജയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ അണി നിരന്നത് വയനാട്ടിലെ കുറിച്യപടയായിരുന്നു. ആ ധാരണയുണ്ടായിരുന്നെങ്കില്‍ വയനാടിനെ പാക്കിസ്ഥാനുമായി ഉപമിക്കാന്‍ അമിത് ഷായ്ക്ക് കഴിയില്ലായിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ

അമിത് ഷാ വയനാടിനെപ്പറ്റി നടത്തിയ പരാമര്‍ശം അപകടകരം. എല്ലാം വര്‍ഗീയമായ രീതിയില്‍ കാണുന്നതാണ് ആര്‍എസ്എസിന്റെ രീതി. വിഷം തുപ്പുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇതിനെതിരെ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാന്റെ പതാകയല്ല വയനാട്ടില്‍ ഉപയോഗിച്ചതെന്ന് മുസ്ലീം ലീഗിന്റെ നേതാക്കള്‍ പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍എസ്എസിന്റെ ഇത്തരം പ്രചാരണങ്ങളെ തടയാന്‍ യുഡിഎഫിന് കഴിയുന്നില്ല.

കെ സി വേണുഗോപാലിന്റെ മറുപടി

രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ല. വയനാടിനെ പാക്കിസ്ഥാനോട് താരതമ്യ ചെയ്ത് അമിത് ഷാ വയനാടിനെ അപമാനിച്ചു.
അമിത് ഷായ്ക്ക് വയനാടിന്റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കും. പാക്കിസ്ഥാനില്‍ വിളിക്കാത്തിടത്ത് പോയി ചായ കുടിച്ചയാളാണ് മോദി. കോണ്‍ഗ്രസിനെ മോദി രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട കാര്യമില്ല.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം

അമിത് ഷായുടെ പരാമര്‍ശം വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം. പരാമര്‍ശത്തിലൂടെ കേരളത്തിലേയും വയനാട്ടിലേയും ജനങ്ങളെ അമിത് ഷാ അപമാനിച്ചു. ഐപിസി 153 എ അനുസരിച്ച് അമിത് ഷായ്‌ക്കെതിരെ കേസെടുക്കുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയുമാണ് വേണ്ടത്. ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണം. ജനങ്ങള്‍ അതിനെ നേരിടുക തന്നെ ചെയ്യും. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും.

മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്

അമിത് ഷായുടെ പ്രസ്താവന അത്യന്തം ആപത്ക്കരം. പ്രസ്താവന പിന്‍വലിക്കാന്‍ അമിത് ഷാ തയ്യാറാകണം.

അമിത് ഷായുടെ വിവാദമായ പ്രസ്താവന

വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാന്‍ കഴിയില്ല. എന്തിനാണ് അത്തരമൊരു സ്ഥലത്ത് രാഹുല്‍ മത്സരിക്കുന്നത്?

ഇന്ത്യ പാകിസ്താനില്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷത്തിലായിരുന്നു. എന്നാല്‍ പാകിസ്താനും കോണ്‍ഗ്രസ് പാര്‍ട്ടിയും ദുഃഖത്തിലായി. കോണ്‍ഗ്രസിന്റെ സാം പിത്രോഡ പാകിസ്താനുവേണ്ടി വാദിക്കുന്നു. പുല്‍വാമയില്‍ ആക്രമണം നടത്തിയ ഭീകരരെ ന്യായീകരിക്കാനാവുമെന്ന് തോന്നുന്നുണ്ടോ?

‘പരസ്പരം പഴി ചാരിയും ആഞ്ഞടിച്ചും കളം നിറഞ്ഞ് നേതാക്കള്‍. നേതാക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അടങ്ങുന്ന പുതിയ തെരഞ്ഞെടുപ്പ് പംക്തിതെരഞ്ഞെടുപ്പ് വാക്ക്‌പോര്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top