ജൂലിയൻ അസാഞ്ജിന്റെ അറസ്റ്റ് അമേരിക്കയുടെ ഇടപെടലിനേത്തുടർന്നെന്ന് സൂചന

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജ് അറസ്റ്റിലായത് അദ്ദേഹത്തെ നിയമനടപടികളുടെ ഭാഗമായി അമേരിക്കക്ക് കൈമാറാനുള്ള അപേക്ഷയേത്തുടർന്നെന്ന് റിപ്പോർട്ട്. ഇക്വഡോർ തങ്ങളുടെ എംബസിയിൽ അഭയം നൽകിയ നടപടി പിൻവലിച്ചതിനേത്തുടർന്നാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അസാഞ്ജിനെ അമേരിക്കയുടെ അപേക്ഷ പരിഗണിച്ച് വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം ശാരീരികമായി പീഡിപ്പിക്കപ്പെടാനോ വധശിക്ഷ നൽകാനോ സാധ്യതയുള്ള രാജ്യത്തേക്ക് അദ്ദേഹത്തെ അയക്കില്ലെന്ന് ബ്രിട്ടൺ ഉറപ്പ് നൽകിയതായി ഇക്വഡോർ പ്രസിഡന്റ് ലെനിൻ മോറീനോ വ്യക്തമാക്കി. അമേരിക്കയിൽ അഞ്ചുവർഷം തടവുശിക്ഷ കിട്ടാൻ സാധ്യതയുള്ള കുറ്റകൃത്യമാണ് അസാഞ്ജ് ചെയ്തതെന്ന് അമേരിക്ക പ്രതികരിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഇന്ന് രാവിലെയാണ് ജൂലിയൻ അസാഞ്ജ് അറസ്റ്റിലാകുന്നത്. ലണ്ടൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ നിന്നാണ് അസാഞ്ജിനെ അറസ്റ്റ് ചെയ്തത്. ഇക്വഡോർ അംബാസിഡറുടെ അനുമതിയോടെയാണ് അറസ്റ്റ്. ഏഴു വർഷമായി അസാഞ്ജ് ഇക്വഡോർ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. അമേരിക്കൻ രഹസ്യരേഖകൾ പുറത്തുവിട്ടതിന് വർഷങ്ങളായി അസാഞ്ജ് അറസ്റ്റ് ഭീഷണിയിലായിരുന്നു.
ഇക്വഡോർ അസാഞ്ജിന് നൽകിയ രാഷ്ട്രീയ അഭയം അടുത്തിടെ റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. സാമൂഹ്യമാധ്യമങ്ങൾ വഴി അസാഞ്ജ് നടത്തുന്ന ഇടപെടലുകൾ ഇക്വഡോറിന്റെ വിദേശബന്ധങ്ങളെ ബാധിക്കുന്നു എന്നുചൂണ്ടിക്കാട്ടിയാണ് അഭയം നൽകിയത് റദ്ദാക്കിയത്.
ബ്രിട്ടൻ, യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ എന്നിവയുമായുള്ള നയതന്ത്രബന്ധങ്ങളിൽ ഉലച്ചിലുണ്ടാക്കുന്നതാണ് അസാഞ്ജിന്റെ പ്രവർത്തികളെന്ന് ഇക്വഡോർ ആരോപിച്ചിരുന്നു. ഇക്വഡോറിന്റെ മുൻപ്രസിഡന്റ് റാഫേൽ കോറേയാണ് അസാഞ്ജിന് എംബസിയിൽ അഭയം നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here