ഹെലികോപ്റ്ററിന് അനുമതിയില്ല; രാഹുലിനെയും നിലം തൊടീക്കാതെ മമത

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് പശ്ചിമ ബംഗാളിൽ ഇറങ്ങാനുള്ള അനുമതി മമതാ ബാനർജി സർക്കാർ നിഷേധിച്ചു. ഏപ്രിൽ 14ന് സിൽഗുരിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന രാഹുലിന്റെ ഹെലികോപ്റ്റർ ഇറക്കാൻ കോൺഗ്രസ്സ് അനുമതി തേടിയിരുന്നു. എന്നാൽ അപേക്ഷ സർക്കാർ തള്ളുകയായിരുന്നു.
Read Also; മമതയ്‌ക്കെതിരെ മോദി; ‘ദീദി ബംഗാളിൽ വികസനത്തിന്റെ സ്പീഡ് ബ്രേക്കർ’
നേരത്തെ ബിജെപി റാലികളിൽ പങ്കെടുക്കുന്നതിനായി ബംഗാളിൽ എത്തിയ ബിജെപി അധ്യക്ഷൻ അമിത്ഷായുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഹെലികോപ്റ്ററുകൾ ഇറക്കുന്നതിന് മമത അനുമതി നൽകിയിരുന്നില്ല. തുടർന്ന് റോഡുമാർഗ്ഗമാണ് ഇരുവരും ബംഗാളിലെത്തിയത്. അതേ സമയം രാഹുൽ ഗാന്ധിയെ തടയാനുള്ള മമത സർക്കാരിന്റെ അവസാന അടവുകളാണ് ഇത്തരം ശ്രമങ്ങളെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രണ്ടാഴ്ച മുമ്പ് ബംഗാളിലെ റാലിയിൽ രാഹുൽ രൂക്ഷവിമർശനങ്ങൾ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ രാഹുൽ കുട്ടിയാണെന്നും മറുപടി നൽകാനില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here