അച്ഛന് തലച്ചോറില്‍ രക്തസ്രാവം; ഓരോ കളി കഴിഞ്ഞും പാര്‍ത്ഥിവ് പോകുന്നത് ആശുപത്രിയിലേക്ക്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിക്കറ്റ് കീപ്പർ പാർത്ഥിവ് പട്ടേൽ ഓരോ കളി കഴിഞ്ഞും പോവുക വിമാനത്താവളത്തിലേക്കാണ്. അഹമ്മദാബാദിലുള്ള ഒരു ആശുപത്രിയിൽ പാർത്ഥിവിൻ്റെ അച്ഛൻ അജയ് പട്ടേലിനെ തലച്ചോറിൽ രക്തസ്രാവവുമായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ അടുത്തേക്കാണ് ഓരോ കളിക്ക് ശേഷവുമുള്ള പാർത്ഥിവിൻ്റെ യാത്ര.

കളി കഴിയുമ്പോൾ ആശുപത്രിയിലേക്ക് പോകുന്ന പാർത്ഥിവ് തിരികെ വരുന്നത് അടുത്ത കളിക്ക് തൊട്ടു മുൻപാണ്. ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിനു മുൻപ് തൻ്റെ അച്ഛൻ ആശുപത്രിയിലാണെന്ന് പാർത്ഥിവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അച്ഛൻ്റെ അസുഖം മൂലം സയ്യിദ് മുഷ്താഖ് അലി ടി-20 ട്രോഫി നഷ്ടമായ പാർത്ഥിവിനോട് അമ്മയും ഭാര്യയുമാണ് ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പറയുന്നത്. എന്നാൽ ശരീരം പിച്ചിലും മനസ്സ് ആശുപത്രിയിലുമുള്ള പാർത്ഥിവ് ഓരോ മത്സരങ്ങൾ കഴിഞ്ഞും ആശുപത്രിയിലേക്ക് പറക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും ഇതു വരെ നില മെച്ചപ്പെട്ടിട്ടില്ല. ഐസിയുവിലുള്ള അദ്ദേഹം ഇപ്പോൾ കോമ സ്റ്റേജിലാണ്. മാനസികമായി താൻ വളരെ ക്ഷീണിതനാണെന്നറിയിച്ച പാർത്ഥിവ് നല്ല വാർത്തകൾ വരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top