ദുബൈയിലെ മികച്ച സ്കൂളുകളുടെ പട്ടിക പ്രഖ്യാപിച്ചതോടെ ഫീസ് വര്‍ധനക്കും സാധ്യതയേറുന്നു

ഗുണനിലവാര പരിശോധനകളെ തുടർന്ന് ദുബൈയിലെ മികച്ച സ്കൂളുകളുടെ പട്ടിക പ്രഖ്യാപിച്ചതോടെ ഫീസ് വര്‍ധനക്കും സാധ്യതയേറുന്നു. ഗുണനിലവാരത്തിന്‍റെ പേരിൽ ഫീസ് വർധിപ്പിക്കുന്നത് ഇടത്തരം കുടുംബങ്ങൾക്ക് ബാധ്യതയാകുമെന്നാണ് ആശങ്ക. നോളജ് ആന്‍റ് ഹ്യൂമൻ ഡവലപ്മെന്‍റ് അതോറിറ്റിയാണ് കഴിഞ്ഞ ദിവസം സ്കൂളുകളുടെ ഗുണനിലവാരം പ്രഖ്യാപിച്ചത്.
176 സ്വകാര്യ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ 18 എണ്ണം റേറ്റിങ് മെച്ചപ്പെടുത്തുകയും നാലു സ്കൂളുകൾ വളരെ നല്ലത് എന്ന സ്ഥാനത്തു നിന്ന് അത്യുത്തമം എന്ന പട്ടികയിലെത്തുകയും ചെയ്തു. ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് നിശ്ചിത ശതമാനം ഫീസ് വർധന നടപ്പാക്കാൻ അധികൃതർ അനുമതിയും നൽകി. ഇതാദ്യമാണ് ഗുണനിലവാരം കണക്കാക്കി ഫീസ് വർധനക്ക് സാഹചര്യം ഒരുങ്ങുന്നത്. പത്തു വർഷം മുമ്പ് 30 ശതമാനം കുഞ്ഞുങ്ങൾക്ക് മാത്രമാണ് മികച്ച നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 70 ശതമാനമായി വർധിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.
Read Also : അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ദുബൈ എമിഗ്രേഷൻ
അതേ സമയം പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ ഫീസ് വർധന കൂടിയാകുന്നതോടെ തങ്ങളുടെ ബജറ്റ് താളം തെറ്റുമെന്ന വേവലാതിയിലാണ് ഇടത്തരം പ്രവാസി കുടുംബങ്ങൾ. എന്നാൽ നിശ്ചിത ശതമാനം ഫീസ് വർധന രക്ഷിതാക്കളെ കാര്യമായി ബാധിക്കാൻ ഇടയില്ലെന്നാണ് ഉയർന്ന ഗുണനിലവാരം ലഭിച്ച സ്കൂളുടെ വാദം. 2008ലാണ് ദുബൈയിൽ സ്കൂൾ പരിശോധന ആരംഭിച്ചത്. അന്ന് 38 സ്കൂളുകളിലാണ് മികച്ച വിദ്യാഭ്യാസം ലഭിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 119 ആയി ഉയർന്നിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here