വാംഖഡെയിൽ ബട്‌ലർ ഷോ; രാജസ്ഥാന് രണ്ടാം ജയം

ഒരു ഇടവേളക്ക് ശേഷം തൻ്റെ വിശ്വരൂപം പുറത്തെടുത്ത ജോസ് ബട്ലറുടെ മികവിൽ മുംബൈക്കെതിരെ രാജസ്ഥാന് വിജയം. 3 പന്തുകൾ ബാക്കി നിൽക്കെ 4 വിക്കറ്റിനായിരുന്നു രാജസ്ഥാൻ ഫിനിഷിംഗ് ലൈൻ തൊട്ടത്. ഇതോടെ ടൂർണമെൻ്റിലെ രണ്ടാം വിജയം കുറിക്കാനും രാജസ്ഥാനായി. 37 റൺസെടുത്ത അജിങ്ക്യ രഹാനെ, 31 റൺസെടുത്ത സഞ്ജു സാംസൺ എന്നിവരും രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടത് രാജസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും 7 പന്തുകളിൽ പുറത്താവാതെ 13 റൺസെടുത്ത ശ്രേയാസ് ഗോപാൽ രാജസ്ഥാന് രണ്ടാം വിജയം സമ്മാനിക്കുകയായിരുന്നു.

മുംബൈയെപ്പോലെ മികച്ച തുടക്കമാണ് ഓപ്പണർമാർ ചേർന്ന് രാജസ്ഥാനും നൽകിയത്. പവർപ്ലേയിൽ 50 റൺസ് കൂട്ടിച്ചേർത്ത ബട്ലർ-രഹാനെ സഖ്യത്തിൽ രഹാനെയായിരുന്നു കൂടുതൽ അപകടകാരി. എഴാം ഓവറിലെ രണ്ടാം പന്തിൽ പുറത്തായ രഹാനെ ബട്ലർക്കൊപ്പം 60 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ആദ്യ ഓവറിൽ തന്നെ ശക്തമായ ഒരു എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ച രഹാനെ 21 പന്തുകളിൽ ആറു ബൗണ്ടറികളും ഒരു സിക്സറും സഹിതം 37 റൺസാണ് പുറത്തായത്. രഹാനെയുടെ പുറത്താവലിനു ശേഷം ബാറ്റൺ ഏറ്റെടുത്ത ബട്ലർ 29 പന്തുകളിൽ അർദ്ധശതകം കുറിച്ചു. ബട്ലറിന് പിന്തുണ നൽകുക എന്ന ജോലിയാണ് സഞ്ജു ചെയ്തു കൊണ്ടിരുന്നത്.

തുടർച്ചയായി ബൗണ്ടറി കണ്ടെത്തിയ ബട്ലർ കഴിഞ്ഞ മത്സരങ്ങളിലെ മുംബൈയുടെ സൂപ്പർ സ്റ്റാർ അൽസാരി ജോസഫിൻ്റെ ഒരോവറിൽ നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 28 റൺസാണ് അടിച്ചു കൂട്ടിയത്. തൊട്ടടുത്ത ഓവറിൽ രാഹുൽ ചഹാറിനു വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ബട്ലർ രാജസ്ഥാനെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചിരുന്നു. 43 പന്തുകളിൽ 7 വീതം ബൗണ്ടറികളും സിക്സറുകളും സഹിതം 89 റൺസെടുത്ത ബട്ലർ സഞ്ജുവുമായി 87 റൺസും കൂട്ടിച്ചേർത്തിരുന്നു.

13 ഓവറിൽ 146 റൺസിലെത്തിയ രാജസ്ഥാന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചയ്യായെങ്കിലും വിജയത്തിലെത്തുകയായിരുന്നു. 17ആം ഓവറിൽ സഞ്ജു സാംസണെ ബുംറ മടക്കി അയച്ചുവെങ്കിലും രാജസ്ഥാൻ്റെ വിജയം തടയാൻ അത് മതിയാവുന്നില്ല. 26 പന്തുകളിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറും സഹിതമായിരുന്നു സഞ്ജുവിൻ്റെ 31 റൺസ്. 18ആം ഓവറിലെ ആദ്യ പന്തിൽ കൃണാൽ പാണ്ഡ്യയെ ഉയർത്തി അടിക്കാനുള്ള രാഹുൽ തൃപാഠിയുടെ ശ്രമം ഡീപ് മിഡ്‌വിക്കറ്റിൽ ഹർദ്ദിക്ക് പാണ്ഡ്യയുടെ കൈകളിൽ അവസാനിച്ചു. ആ ഓവറിലെ തന്നെ അവസാന പന്തിൽ ലിയാം ലിവിങ്സ്റ്റണും പുറത്ത്. 18ആം ഓവറിലെ ആദ്യ പന്തിൽ സ്റ്റീവൻ സ്മിത്തിനെ മടക്കി അയച്ച ബുംറ രാജസ്ഥാനെ അപകടത്തിലേക്ക് തള്ളി വിട്ടു. ആ ഓവറിൽ തന്നെ മൂന്നു വട്ടം പുറത്താവുന്നതിൽ നിന്ന് രക്ഷപ്പെട്ട ശ്രേയാസ് ഗോപാൽ രാജസ്ഥാന് ആയുസ് നീട്ടി നൽകി. ഒരു ലെഗ് ബിഫോർ വിക്കറ്റ്, ഒരു കീപ്പർ ക്യാച്ച് എന്നിവയിൽ നിന്നും രക്ഷപ്പെട്ട ശ്രേയസിനെ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ ഇഷൻ കിഷൻ നിലത്തിടുകയും ചെയ്തതോടെ അവസാന ഓവറിൽ രാജസ്ഥാൻ്റെ ലക്ഷ്യം ആറു റൺസ്. ആ ഓവറിലെ അഞ്ചാം പന്തിൽ ശ്രേയസിൻ്റെ ബാറ്റിൽ ചുംബിച്ച പന്ത് തേർഡ് മാൻ ബൗണ്ടറിയിൽ അവസാനിച്ചതാണ് കളിയിൽ നിർണ്ണായകമായത്. അവസാന ഓവർ എറിഞ്ഞ ഹർദ്ദിക് പാണ്ഡ്യയുടെ മൂന്നാം പന്തിൽ ബൗണ്ടറിയടിച്ച ശ്രേയസ് ഗോപാലാണ് രാജസ്ഥാന് രണ്ടാം വിജയം സമ്മാനിച്ചത്.

നേരത്തെ ഓപ്പണർമാരായ ക്വിൻ്റൺ ഡികോക്കിൻ്റെയും രോഹിത് ശർമ്മയുടെയും ബാറ്റിംഗാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. രോഹിത് ശർമ്മ 47ഉം ഡികോക്ക് 81ഉം റൺസെടുത്ത് പുറത്തായി. 28 റൺസെടുത്ത ഹർദ്ദിക് പാണ്ഡ്യയാണ് മുംബൈക്കായി തിളങ്ങിയ മറ്റൊരു ബാറ്റ്സ്മാൻ. മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആർച്ചറാണ് രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top