തരൂരിന്റെ പ്രചാരണത്തിൽ പരാതികൾ ലഭിച്ചിട്ടില്ലെന്ന് എഐസിസി നിരീക്ഷകൻ

ശശി തരൂരിന്റെ പ്രചാരണത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് എഐസിസി പ്രത്യേക നിരീക്ഷകനും കർഷക കോണ്ഗ്രസ് നേതാവുമായ നാനാ പട്ടോല. ഞായറാഴ്ച വൈകുന്നേരം വിമാനത്താവളത്തിലെത്തിയ പട്ടോല മാധ്യമ പ്രവർത്തകരോടു സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാർട്ടി നിർദ്ദേശ പ്രകാരം ശശി തരൂരിന്റെ വിജയം ഉറപ്പാക്കാനാണ് തലസ്ഥാനത്ത് എത്തിയത്. നിരീക്ഷരെ നിയോഗിക്കുന്നത് സ്വാഭാവിക നടപടിക്രമാണ്. കോണ്ഗ്രസ് ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിക്കുകയാണ് പ്രധാനലക്ഷ്യമെന്നും പട്ടോല പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബൂത്തുതലം മുതലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജില്ലാ നേതാക്കൾക്കു നിർദേശം നൽകിയിരുന്നു. പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താതിരുന്നാൽ ബന്ധപ്പെട്ട നേതാക്കൾ പിന്നീടു പാർട്ടിയിൽ ഉണ്ടാവില്ലെന്നു നേതാക്കൾ കർശന താക്കീതു നൽകിയതായാണു വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here