കനത്ത മഴ; യുഎഇയിലെ ജബൽജൈസിൽ കുടുങ്ങിയ അഞ്ഞൂറിലധികം പേരെ പോലീസ് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി

കനത്ത മഴയെ തുടർന്ന് റാസൽഖൈമയിലെ ജബൽജൈസിൽ കുടുങ്ങിയ അഞ്ഞൂറിലധികം പേരെ പോലീസ് ഹെലികോപ്റ്ററിൽ രക്ഷിച്ചു. മുന്നൂറിലധികം കാറുകളിലെത്തിയവരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ ജബൽ ജൈസിൽ കുടുങ്ങിയത്. ഞായറാഴ്ച രാവിലെയോടെയാണ് ഇവരെ പൂർണ്ണമായും രക്ഷപ്പെടുത്തിയതെന്ന് യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച പെട്ടെന്നുണ്ടായ മഴയിൽ വെള്ളം കുത്തിയൊലിച്ചതോടെ ജബൽ ജൈസിലേക്കുള്ള റോഡുകൾ തകരുകയായിരുന്നു. തുടർന്നാണ് സന്ദർശകർ ഇവിടെ കുടുങ്ങിയത്. 20 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് പോലീസ് ഹെലികോപ്റ്ററിൽ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്. റോഡുകൾ തകർന്നപ്പോൾ തന്നെ അടിയന്തര സഹായം ലഭ്യമാക്കാൻ പോലീസ് സ്ഥലത്തെത്തിയിരുന്നു. പലരും 15 മണിക്കൂറോളം ജബൽ ജൈസിൽ കുടുങ്ങി. തുടർന്ന് ദുബായ്, അബുദാബി പോലീസ് സേനകളുടെ സഹായത്തോടെയാണ് റാസൽഖൈമ പൊലീസ് ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തിയത്.
കുടുങ്ങിക്കിടന്നവർക്ക് പോലീസ് ഭക്ഷണവും വെള്ളവും മരുന്നും എത്തിച്ചു. രക്ഷാപ്രവർത്തകർ എത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത് വരെ അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്നും പോലീസ് നിർദ്ദേശം നൽകിയിരുന്നു. ഉൾപ്രദേശങ്ങളിലെ റോഡുകളിലും ഹൈവേകളിലും ജനങ്ങളെ സഹായിക്കാനായി റാസൽഖൈമ പൊലീസ് 77 ട്രാഫിക് പട്രോൾ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here