വാർണറിന്റെ അർദ്ധസെഞ്ചുറിക്കും രക്ഷിക്കാനായില്ല; സൺ റൈസേഴ്സിന് തോൽവി
ഓപ്പണർ ഡേവിഡ് വാർണറുടെ അർദ്ധസെഞ്ചുറിക്കും സൺ റൈസേഴ്സിനെ രക്ഷിക്കാനായില്ല. ബൗളർമാരുടെ ഉജ്ജ്വല പ്രകടനത്തിൻ്റെ ബലത്തിൽ 39 റൺസിനായിരുന്നു ഡൽഹിയുടെ വിജയം. 51 റൺസെടുത്ത വാർണറും 41 റൺസെടുത്ത ബാരിസ്റ്റോയും സൺ റൈസേഴിനു മികച്ച തുടക്കം നൽകിയെങ്കിലും സ്കോറിംഗിലെ മെല്ലെപ്പോക്ക് സൺ റൈസേഴ്സിന് തിരിച്ചടിയാവുകയായിരുന്നു. നാല് വിക്കറ്റെടുത്ത കഗീസോ റബാഡയും മൂന്ന് വിക്കറ്റ് വീതടുത്ത കീമോ പോളും ക്രിസ് മോറിസും ചേർന്നാണ് സൺ റൈസേഴ്സിനെ തകർത്തത്.
വെടിക്കെട്ട് ഓപ്പണർമാരായ വാർണറിനെയും ബാരിസ്റ്റോയെയും പിടിച്ചു കെട്ടിയ ഡൽഹി ബൗളർമാർ ആദ്യ പവർപ്ലേയിൽ വെറും 40 റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. പത്താം ഓവറിലെ അവസാന പന്തിലാണ് സൺ റൈസേഴ്സിന് ആദ്യ വിക്കറ്റ് നഷ്ടമായതെങ്കിലും സ്കോർ ബോർഡിൽ വെറും 72 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്. 31 പന്തിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറുമടക്കം 41 റൺസെടുത്ത ജോണി ബാരിസ്റ്റോയെ കീമോ പോൾ റബാഡയെ കൈകളിലെത്തിച്ചാണ് ഡൽഹി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
തുടർന്ന് ക്രീസിലെത്തിയ കെയിൻ വില്ല്യംസൺ (3), റിക്കി ഭുയി (7) എന്നിവർ വേഗം പുറത്തായതോടെ സൺ റൈസേഴ്സ് പതറി. ഇരുവരെയും പുറത്താക്കിയ കീമോ പോൾ മൂന്ന് വിക്കറ്റുകളും സ്വന്തം അക്കൗണ്ടിൽ കുറിച്ചു. 17ആം ഓവറിൽ അർദ്ധസെഞ്ചുറി നേടിയ ഡേവിഡ് വാർണറെയും വിജയ് ശങ്കറെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ റബാഡ സൺ റൈസേഴ്സിനെ വലിയ അപകടത്തിലേക്ക് തള്ളി വിട്ടു. 47 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 51 റൺസ് സ്വന്തം പേരിൽ കുറിച്ചതിനു ശേഷമായിരുന്നു വാർണറുടെ പുറത്താകൽ.
18ആം ഓവറിലെ രണ്ടാം പന്തിൽ ദീപക് ഹൂഡയുടെ വിക്കറ്റ് പിഴുത മോറിസും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനും പുറത്ത്. ഓവറിലെ അവസാന പന്തിൽ അഭിഷേക് ശർമ്മയും പുറത്തായതോടെ ഡൽഹി വിജയമുറപ്പിച്ചു. തൊട്ടടുത്ത ഓവറിൽ തുടർച്ചയായ രണ്ട് പന്തുകളിൽ അവസാനത്തെ രണ്ട് ബാറ്റ്സ്മാന്മാരെ പുറത്താക്കിയ റബാഡ മത്സരത്തിൽ നാല് വിക്കറ്റ് നേടി പർപ്പിൾ ക്യാപ്പിനും അർഹനായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here