ചട്ടലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. യോഗിയെ 72 മണിക്കൂർ നേരത്തേക്കും മായാവതിയെ 48 മണിക്കൂർ നേരത്തേക്കുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്നു വിലക്കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനെ തുടർന്നാണ് കമ്മീഷന്റെ നടപടി. ചൊവ്വാഴ്ച രാവിലെ ആറു മുതൽ വിലക്ക് നിലവിൽ വരും.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വർഗീയ പ്രസംഗങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ വിമർശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നു യോഗിയുടെയും മായാവതിയുടേയും വർഗീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തെരഞ്ഞെടുപ്പു കമ്മീഷനോടു ചോദിച്ചു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
നേരത്തെ, മീററ്റിലെ റാലിയിലാണ് യോഗി ‘അലി’, ‘ബജ്രംഗ്ബലി’ പരാമർശങ്ങൾ നടത്തിയത്. അലിയും (ഇസ്ലാമിലെ നാലാം ഖലീഫ) ബജ്രംഗ്ബലിയും (ഹനുമാൻ) തമ്മിലുള്ള പോരാട്ടമാണ് ലോക്സഭ തെരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതു ഹിന്ദു-മുസ്ലിം വേർതിരിവ് സൃഷ്ടിക്കുന്ന പരാമർശമാണെന്ന് ആക്ഷേപങ്ങൾ ഉയർന്നു. ഇതേതുടർന്ന് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമീഷൻ കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
മുസ്ലിങ്ങൾ എസ്പി-ബിഎസ്പി സഖ്യത്തിനു വോട്ടുചെയ്യണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയായിരുന്നു യോഗിയുടെ അലി, ബജ്രംഗ്ബരലി പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here