അഞ്ചര മണിക്കൂറിൽ പിന്നിട്ടത് നാനൂറ് കിലോമീറ്ററിലധികം; രണ്ടാം ദൗത്യത്തിലും ഹീറോയായി ഹസ്സൻ ദേളി

മംഗലാപുരത്ത് നിന്നും 15 ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്ക് ആംബുലൻസ് പാഞ്ഞെത്തിയപ്പോൾ രണ്ടാം തവണയും വിജയം കണ്ടത് ഡ്രൈവർ ഹസ്സൻ ദേളിയുടെ മനസ്സുറപ്പാണ്. അഞ്ചര മണിക്കൂർ മാത്രം സമയമെടുത്താണ് ഹസ്സൻ 400 കിലോമീറ്ററിലധികം പിന്നിട്ട് ആംബുലൻസ് കൊച്ചിയിലെത്തിച്ചത്. കുഞ്ഞിന്റെ ജീവനു വേണ്ടി വഴിയൊരുക്കി കേരളം ഒരുമിച്ച് നിന്നപ്പോൾ ഹസ്സന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പ്രതിബന്ധങ്ങളെല്ലാം വഴിമാറിക്കൊടുത്തു.
വൈകീട്ട് 4 മണിയോടെ കെഎൽ 60 ജെ 7739 ആംബുലൻസ് കൊച്ചിയിലെ അമൃത ആശുപത്രിയുടെ ഗേറ്റ് കടന്നതോടെയാണ് രാവിലെ മുതൽ മനസ്സുകൊണ്ട് ആംബുലൻസിനൊപ്പം സഞ്ചരിച്ചിരുന്ന ലക്ഷക്കണക്കിന് പേർക്ക് ആശ്വാസമായത്. ദൗത്യം കൃത്യമായി നിറവേറ്റിയതിന്റെ സംതൃപ്തിയിൽ വളയം പിടിച്ച ഹസ്സൻ ദേളിയും. കാസർഗോഡ് ഉദുമ മുക്കുന്നോത്ത് സ്വദേശിയായ ഹസ്സൻ ദീർഘകാലമായി ഉദുമ സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്ററിന്റെ ആംബുലൻസാണ് ഓടിക്കുന്നത്.
Read Also; ആരോഗ്യ മന്ത്രി ഇടപെട്ടു, കുഞ്ഞിന്റെ ചികിത്സ കൊച്ചിയില്‍
ഇന്നും മിന്നൽ വേഗത്തിൽ പാഞ്ഞെത്തിയത് ഇതേ ആംബുലൻസിൽ തന്നെയായിരുന്നു. ജീവന്റെ തുടിപ്പിനായി സമയത്തോട് മല്ലടിച്ച് ഹസ്സൻ ആംബുലൻസ് എത്തിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2017 ഡിസംബറിൽ മംഗലാപുരത്തെ എജെ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ റീജണൽ ക്യാൻസർ സെന്ററിലേക്ക് രോഗിയെ എത്തിച്ചതും ഹസ്സനായിരുന്നു. എട്ടരമണിക്കൂറിലാണ് അന്ന് മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് ഹസ്സന്റെ ആംബുലൻസ് ഓടിയെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here