മലപ്പുറത്ത് ടാങ്കർ ലോറിയും ഗുഡ്‌സ് ഓട്ടോയും ഇടിച്ച് അപകടം; മൂന്ന് മരണം

മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഗുഡ്‌സ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. സാരമായ പരിക്കുകളോടെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.
രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. മലപ്പുറം കൂട്ടിലങ്ങാടിയിലെ പെട്രോൾ പമ്പിൽ നിന്ന് പെട്രോളടിച്ച് പുറത്തേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ മംഗലാപുരത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് കോഴിക്കോട് ദേശീയപാതയിലുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഗുഡ്സ് ഓട്ടോറിക്ഷയുടെ പിറകിൽ നിന്ന് സഞ്ചരിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ രണ്ട് പേരെ മലപ്പുറം താലൂക്ക് ആശുപത്രിയിലും ഗുരുതര പരിക്കേറ്റ ഓട്ടോഡ്രൈവർ മക്കരപറമ്പ് സ്വദേശി ഫൈസലിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ശബീറലി, സൈദുൽ ഖാൻ, സാദത്ത് എന്നിവരാണ് മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here