ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് ടസ്കിൻ അഹ്മദ്: വീഡിയോ

ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് പൊട്ടിക്കരഞ്ഞ് ബംഗ്ലാദേശ് പേസർ ടസ്കിൻ അഹ്മദ്. ടീമിൽ നിന്നും തഴയപ്പെട്ടതിനെപ്പറ്റി അന്വേഷിച്ച മാധ്യമപ്രവർത്തകർക്കു മുന്നിലാണ് ടസ്കിൻ വികാരാധീനനായി കണ്ണീർ വാർത്തത്. ബംഗ്ലാദേശ് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ട്വിറ്റർ ഹാൻഡിലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

“ഫിറ്റ്നസ്സ് കാത്തു സൂക്ഷിക്കാൻ ഞാൻ എൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിച്ചു. പക്ഷേ, അത് മതിയാവുമായിരുന്നില്ല. ദൗർഭാഗ്യം എന്നല്ലാതെ ഞാൻ മറ്റെന്താണ് പറയേണ്ടത്? തുടർച്ചയായി മികച്ച പ്രകടനം നടത്തി ഞാൻ മടങ്ങി വരുമെന്നാണ് എനിക്ക് പറയാനുള്ളത്.”- ടസ്കിൻ വീഡിയോയിലൂടെ പറയുന്നു.

അതേ സമയം, ടസ്കിൻ്റെ തുടർച്ചയായ പരിക്കുകളാണ് അദ്ദേഹത്തെ ലോകകപ്പ് സ്ക്വാഡിൽ നിന്നൊഴിവാക്കാൻ കാരണമെന്ന് സെലക്ഷൻ കമ്മറ്റിയുടെ വിശദീകരണം. 2017ൽ അവസാന ഏകദിനം കളിച്ചതിനു ശേഷം ന്യൂസിലൻഡ് പര്യടനത്തിൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പരിക്ക് മൂലം കളിക്കാൻ സാധിച്ചിരുന്നില്ലെന്നും സെലക്ഷൻ കമ്മറ്റി പറഞ്ഞു.

ഇന്നലെയായിരുന്നു ബംഗ്ലാദേശിൻ്റെ ലോകകപ്പ് ടീം പ്രഖ്യാപനം. മീഡിയം പേസറായ അബു ജയിദ് റഹിയാണ് ടീമിലെ പുതുമുഖം. പേസർ മുഷറഫ് മുർതാസയാണ് ടീം ക്യാപ്റ്റൻ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top