Advertisement

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ നിയമ ഭേദഗതിക്ക് ശ്രമിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

April 19, 2019
Google News 0 minutes Read

ഇതരസംസ്ഥാനക്കാരായ മാതാപിതാക്കളുടെ മര്‍ദനമേറ്റ് എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്‍ മരണമടഞ്ഞ സംഭവം വളരെയധികം വേദനിപ്പിക്കുന്നതാണെന്ന്  ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രനിയമമാണ് നിലവിലുള്ളത്. ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമജ്ഞരുമായി ആലോചിച്ച് ഈ നിയമം ഭേദഗതി വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ സ്വത്തു കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് 7 വയസുകാരന്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ആലുവയില്‍ മറ്റൊരു സംഭവം കൂടി നടക്കുന്നത്. രണ്ടിലും കുട്ടിയുടെ മരണത്തിന് ഉത്തരവാദികള്‍ വേണ്ടപ്പെട്ടവര്‍ തന്നെയാണ്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ക്രൂരതയ്ക്ക് നേരെ സമൂഹം ഉണരേണ്ട സമയമാണ്.

ആലുവയിലെ സംഭവം അറിഞ്ഞയുടന്‍ കുട്ടിയുടെ ചികിത്സയും സംരക്ഷണവും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുത്തിരുന്നു. കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ കുട്ടിയുടെ ആരോഗ്യനില വിലയിരുത്തുന്നതിന് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചു. എന്നാല്‍ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ രക്ഷിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രങ്ങള്‍ക്കെതിരെ നമുക്ക് ഒത്തൊരുമിച്ചേ മതിയാകൂ. കുടുംബത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് പലപ്പോഴും ക്രൂര മര്‍ദനമുണ്ടാകുന്നത്. തണല്‍ പദ്ധതിയിലെ 1517 എന്ന ഫോണ്‍ നമ്പരില്‍ കുട്ടികള്‍ക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണ്. ഈ പദ്ധതി ആവിഷ്‌ക്കരിച്ച് രണ്ട് വര്‍ഷത്തിനകം തന്നെ ഇതുവരെ 24,000 ലധികം കോളുകളാണ് വന്നിട്ടുള്ളത്. അതില്‍ 40 ശതമാനത്തോളം അന്വേഷണങ്ങളായിരുന്നു. എല്ലാത്തരം പ്രശ്നങ്ങള്‍ക്കും മികച്ച ഇടപെടലുകളാണ് തണല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ നിരവധി കുട്ടികള്‍ക്കാണ് ആശ്വാസമായത്. അതിനാല്‍ ഇനിയൊരു കുട്ടിയ്ക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഒന്നിച്ചേ മതിയാകൂയെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here