ശബരിമലയ്ക്കു വേണ്ടി എന്തു ചെയ്‌തെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ഉമ്മൻ ചാണ്ടി

ശബരിമലയ്ക്കു വേണ്ടി എന്തു ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കണമെന്ന് ഉമ്മൻചാണ്ടി. വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്രയും നാൾ അധികാരത്തിലിരുന്നിട്ട് ശബരിമലയുടെ കാര്യത്തിൽ ചെറുവിരൽ പോലും അനക്കിയില്ല. സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമല വിഷയം കത്തിനിന്നപ്പോൾ പോലും പ്രതികരിക്കാതിരുന്ന മോദി ഇപ്പോൾ കേരളത്തിനകത്തും പുറത്തും ശബരിമല വിഷയം പ്രസംഗിച്ചു നടക്കുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Also; വിശ്വാസസംരക്ഷണത്തിനായി കോടതി മുതൽ പാർലമെന്റ് വരെ പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന മോദിക്ക് അൽപ്പമെങ്കിലും ആത്മാർത്ഥത ശബരിമല വിഷയത്തിൽ ഉണ്ടായിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ ഇത് പരിഹരിക്കാൻ കഴിയുമായിരുന്നു. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന് ഓർഡിനൻസ് ഇറക്കുകയോ, പുന:പരിശോധനാ ഹർജി നൽകുകയോ ചെയ്യാമായിരുന്നു. ഏറ്റവുമധികം ഓർഡിനൻസ് പുറപ്പെടുവിച്ച സർക്കാരാണ് മോദിയുടേത്. പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് പോലും പുന:പരിശോധനാ ഹർജി നൽകിയപ്പോൾ ബിജെപിയും സിപിഎമ്മും നിശബ്ദത പാലിച്ചെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ സ്ഥായിയായി വിശ്വാസികൾക്കൊപ്പം നിന്നത് യുഡിഎഫ് മാത്രമാണെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രി തുറന്ന സംവാദത്തിന് തയ്യാറാണോയെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here