ജെറ്റ് എർവേയ്സിലെ 500 ജീവനക്കാർക്ക് ജോലി നൽകി സ്പൈസ് ജെറ്റ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താത്ക്കാലികമായി സര്‍വീസുകള്‍ അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിലെ പൈലറ്റുമാര്‍ക്കും എയര്‍പോര്‍ട്ട് സ്റ്റാഫ് ഉള്‍പ്പെടെ ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ക്കും ജോലി നില്‍കി സ്പൈസ് ജെറ്റ്. സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ 100 പൈലറ്റുമാരെയും 200 കാബിന് ക്രൂ ജീവനക്കാരെയും 200 ടെക്നിക്കല്‍, എയര്‍പോര്‍ട്ട് സ്റ്റാഫ് ജീവനക്കാരെയും ജെറ്റ് എയർവേയ്സില് നിന്നും സ്പൈസ് ജെറ്റ് ജോലിക്കെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ നടക്കുന്ന റിക്രൂട്മെന്റില്‍ ആദ്യ പരിഗണന ജെറ്റ് എയർവേയ്സ് ജീവനക്കാര്‍ക്കാണെന്നും സ്പൈസ് ജെറ്റ് അറിയിച്ചു.
പുതുതായി 27 വിമാനങ്ങള്‍ കൂടി സര്‍വീസിനെത്തിച്ച് ലാഭം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്പൈസ് ജെറ്റ്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉയര്‍ത്തി 24 പുതിയ വിമാനങ്ങള്‍ കൂടി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സ്പൈസ് ജെറ്റിന് 76 വിമാനങ്ങളാണുളളത്.
ജെറ്റ് എയർവേയ്സിന്റെ അഞ്ചു വിമാനങ്ങള്‍ ഏറ്റെടുക്കാൻ തയ്യാറാണെന്ന് എയര്‍ ഇന്ത്യയും അറിയിച്ചിരുന്നു. കമ്പനിയില്‍ നിന്നും 150 പേരെ ജോലിക്കെടുത്തതായും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.
കൂടാതെ ജെറ്റ് എയര്വേയ്സില് ടിക്കറ്റെടുത്ത രാജ്യാന്തര യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തു. ദുബായ്, അബുദാബി, മസ്കറ്റ്, ദമാം, ജിദ്ദ, പാരീസ്, ലണ്ടന്‍ സിംഗപ്പൂര്‍, ഹോങ്കോങ് എന്നീ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തിരിക്കുന്ന യാത്രക്കാര്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യ സൗകര്യമൊരുക്കുന്നു. ജെറ്റ് എയര്‍വേയ്സിന്റെ കണ്‍ഫേം ടിക്കറ്റുകള്‍ക്ക് മാത്രമാണ് സൗജന്യ നിരക്ക് ലഭിക്കുക. നേരിട്ടുള്ള വിമാനത്തില്‍ എക്കണോമി ക്ലാസ്സിന് മാത്രമായിരിക്കും ഈ ആനുകൂല്യം. ഈ മാസം 28ന് മുമ്പായി ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
1993 മേയ് അഞ്ചിനാണ് ജെയ്റ്റ് എയര്‍വേയ്സ് ആരംഭിക്കുന്നത്. ഒരു കാലത്ത് 120 വിമാനങ്ങളും 600 ഓളം ദിനംപ്രതി സര്‍വീസുകളും ജെറ്റ് എയര്‍വേയ്സിന് ഉണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങിയതോടെ നൂറോളം വിമാനങ്ങള്‍ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇരുപതിനായിരത്തോളം ജീവനക്കാരാണ് ജെറ്റ് എയര്‍വേയ്സിലുണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here