‘ ആ വീഡിയോയുടെ പേരിൽ അവൾ ആത്മഹത്യക്ക് ശ്രമിച്ചതാണ്, വളരെ കഷ്ടപ്പെട്ടാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്’

സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി നടി അഞ്ജു. നടി സുരഭി ലക്ഷ്മിക്കൊപ്പം ഫേസ്ബുക്കിൽ ലൈവിൽ എത്തിയാണ് അഞ്ജു ഇക്കാര്യം വ്യക്തമാക്കി. വീഡിയോയുടെ പേരിൽ അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി സുരഭി ലക്ഷ്മി വ്യക്തമാക്കി. അമ്മ കണ്ടതുകൊണ്ട് മാത്രമാണ് അവൾ ജീവിതത്തിലേക്ക് തിരികെയെത്തിയത്. വളരെ കഷ്ടപ്പെട്ടാണ് അഞ്ജുവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതെന്നും സുരഭി പറയുന്നു. വീഡിയോ പ്രചരിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അഞ്ജു വ്യക്തമാക്കി.
രണ്ട് വർഷം മുൻപാണ് ഇത്തരത്തിലൊരു വീഡിയോ തങ്ങളുടെ ശദ്ധയിൽപ്പെട്ടതെന്ന് സുരഭി പറയുന്നു. അന്ന് അത് ഗൗരവത്തിൽ എടുത്തില്ല. ആ വീഡിയോയിൽ ഉള്ള പെൺകുട്ടിക്ക് അഞ്ജുവിന്റെ ചെറിയ മുഖ സാദൃശ്യം മാത്രമേയുള്ളൂ. അത് അഞ്ജുവല്ലെന്നും സുരഭി പറയുന്നു.
ആ വീഡിയോയുടെ പേരിൽ താനും കുടുംബവും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അഞ്ജു പറയുന്നു. വീഡിയോ പ്രചരിച്ച സമയത്തു തന്നെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കാക്കൂർ പൊലീസ് സ്റ്റേഷനിലും ഉൾപ്പെടെ പരാതി നൽകിയിരുന്നു. പൊലീസ് സ്റ്റേഷനുകൾ കയറി ഇറങ്ങുന്നതല്ലാതെ തനിക്ക് അനുകൂലമായ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. ഇത്തരം ഒരു വീഡിയോ പ്രചരിക്കുന്നതിന്റെ പേരിൽ പലരും മോശമായാണ് പെരുമാറുന്നത്. ചിലർ ഇത് മനസിൽ വെച്ച് ‘മോൾക്ക് സുഖമാണോ’ എന്നൊക്കെ ചോദിക്കാറുണ്ട്. ചെയ്ത കാര്യമാണെങ്കിൽ അംഗീകരിക്കാം. ചെയ്യാത്ത കാര്യത്തിന്റെ പേരിലാകുമ്പോൾ അത് വളരെയധികം വേദനിപ്പിക്കുന്നുണ്ട്. ഒരാൾക്കും ഇത്തരത്തിൽ ഒരു അവസ്ഥ വരരുതേ എന്നാണ് പ്രാർത്ഥിക്കുന്നതെന്നും അഞ്ജു പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here