ചൗക്കിദാർ കള്ളനെന്ന് കോടതി പറഞ്ഞെന്ന പരാമർശം; രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു

ചൗക്കിദാർ കള്ളനാണെന്ന് സുപ്രീം കോടതിയും കണ്ടെത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. ഇത്തരമൊരു പരാമർശം തെരഞ്ഞെടുപ്പിന്റെ ചൂടിൽ പറഞ്ഞു പോയതാണെന്നും വിധി പൂർണമായി കാണാതെ, ലഭിച്ച വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും സുപ്രീം കോടതിയിൽ രാഹുൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചൗക്കിദാർ ചോർ ഹെ എന്ന് കോടതി പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനയും കോടതി വിധിയും തമ്മിൽ കൂടിക്കലരുകയായിരുന്നുവെന്നും, ഇതിനെ രാഷ്ട്രീയമായി ചിലർ ദുരുപയോഗം ചെയ്തുവെന്നും മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യക്കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാഹുൽ പറഞ്ഞു. രാഹുലിന്റെ മറുപടി സുപ്രീം കോടതി നാളെ പരിഗണിക്കും.റഫാൽ കേസിൽ രാജ്യത്തിന്റെ കാവൽക്കാരനായ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീം കോടതിയും കണ്ടെത്തിയതായി അമേഠിയിലെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു.
Read Also; കാവൽക്കാരൻ അഴിമതി നടത്തിയെന്ന് കോടതി അംഗീകരിച്ചു; റഫാൽ ഉത്തരവിൽ മോദിക്കെതിരെ രാഹുൽ
റഫാൽ കേസിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധിയെ പരാമർശിച്ചായിരുന്നു രാഹുലിന്റെ വാക്കുകൾ. എന്നാൽ ഈ പ്രസ്താവന കോടതി വിധി ദുർവ്യാഖ്യാനം ചെയ്യുന്നതാണെന്ന് കാണിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഹർജിയിൽ സുപ്രീം കോടതി രാഹുലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. റഫാൽ കേസിൽ ചില രേഖകൾ തെളിവായി പരിഗണിക്കാൻ മാത്രമേ കോടതി തീരുമാനിച്ചുള്ളുവെന്നും മറ്റൊരു നിരീക്ഷണവും ഇതുമായി ബന്ധപ്പെട്ട് കോടതി നടത്തിയില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here