വോട്ടിംഗ് മെഷീൻ തകരാറിലായത് തെളിയിക്കാനായില്ല; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

വോട്ടിംഗ് മെഷീൻ തകരാറിലായെന്ന് പരാതി നൽകിയ തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്. മെഷീൻ തകരാർ തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സ്വദേശി എബിനെതിരെ കേസെടുത്തത്. ടെസ്റ്റിൽ വോട്ടിൽ ക്രമക്കേട് തെളിയിക്കാനാകാതെ എബിൻ പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചിരുന്നു. ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണമെന്നും പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അറിയിച്ചു.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ആരോപിച്ചിരുന്നു. പത്തനംതിട്ട ഇലന്തൂരിൽ ഏതു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്താലും വോട്ട് എൽഡിഎഫിനെന്ന് യുഡിഎഫ് പരാതിപ്പെട്ടിരുന്നു. കോവളത്ത് നിന്നും സമാന പരാതി ലഭിച്ചിരുന്നു. കൈപ്പത്തിക്ക് കുത്തിയ വോട്ട് പോയിരുന്നത് താമര ചിഹ്നത്തിനായിരുന്നു. എന്നാൽ ഈ ആരോപണം പാടെ തള്ളി ജില്ലാ കളക്ടർ വസുകിയും തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയും രംഗത്തെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here