Advertisement

എറണാകുളത്ത് കള്ളവോട്ട് നടന്നതായി പരാതി

April 23, 2019
1 minute Read

എറണാകുളത്ത് കള്ളവോട്ട് നടന്നതായി പരാതി. ഇടക്കൊച്ചി പാമ്പായി മൂല സ്വദേശി ആൽബി സേവ്യറാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഒടുവിൽ ആൽബിയെ കൊണ്ട് ബാലറ്റിൽ വോട്ട് ചെയ്യിപ്പുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്.

നേരത്തേ തിരുവനന്തപുരത്തും കൊല്ലത്തും കള്ളവോട്ട് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തിരുവനന്തപുരം പാൽകുളങ്ങര യു പി സ്‌കൂളിലെ 37-ാം ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പൊന്നമ്മാൾ ഭഗവതി എന്ന 78 കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. വോട്ടിന് കൈയിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യുന്നത് നിഷേധിച്ചുവെന്നും മറ്റൊരാൾ ഇതേ പേരിൽ വോട്ടു ചെയ്തെന്ന് ബൂത്ത് ഏജന്റുമാർ അറിയിച്ചതിനെത്തുടർന്നാണ് വോട്ടു നിഷേധിച്ചതെന്ന് പൊന്നമ്മാൾ പറയുന്നു.

കൊല്ലം പട്ടത്താനത്താണ് കള്ളവോട്ട് റിപ്പോർട്ട് ചെയ്തത്. പട്ടത്താനം ഗവ. എസ്എൻഡിപി യുപി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. പട്ടത്താനം സ്വദേശിനി മഞ്ജുവിന്റെ വോട്ടാണ് രാവിലെ ഏഴരയോടെ മറ്റാരോ രേഖപ്പെടുത്തിയത്. വോട്ടറായ മഞ്ജു പോളിങ് സ്റ്റേഷനിലെത്തിയെങ്കിലും തന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന് സംശയമുയർന്നു. തുടർന്നു നടന്ന പരിശോധനയിൽ പോളിങ് ഏജന്റ് കള്ളവോട്ട് കണ്ടെത്തി. മഞ്ജു പരാതിപ്പെട്ടതിനെ തുടർന്ന് ടെന്റർ വോട്ടിങ്ങ് നടത്താൻ അനുവദിച്ചു. കള്ളവോട്ട് ചെയ്തവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് മഞ്ജു പറഞ്ഞു. ആരാണ് കള്ളവോട്ട് ചെയ്തതെന്ന് അറിയില്ലെന്ന് ബൂത്ത് ലെവൽ ഓഫീസർ പറഞ്ഞു.

അതിനിടെ വോട്ടിംഗ് മെഷീൻ തകരാറിലായെന്ന് പരാതി നൽകിയ തിരുവനന്തപുരം സ്വദേശി എബിനെതിരെ കേസെടുത്തു. മെഷീൻ തകരാർ തെളിയിക്കാൻ സാധിക്കാതെ വന്നതോടെയാണ് എബിനെതിരെ കേസെടുത്തത്. ടെസ്റ്റിൽ വോട്ടിൽ ക്രമക്കേട് തെളിയിക്കാനാകാതെ എബിൻ പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവർ തെളിയിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷ നിയമം സെക്ഷൻ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു ഓഫീസർ അറിയിച്ചിരുന്നു. ഇക്കാര്യം പ്രിസൈഡിങ് ഓഫീസർ ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണമെന്നും പരാതിയിൽ ഉത്തമ ബോധ്യത്തോടെ ഉറച്ചു നിൽക്കുകയാണെങ്കിൽ ഡിക്ലറേഷൻ ഫോമിൽ പരാതി എഴുതി വാങ്ങണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ ഉടൻ പൊലീസിൽ ഏൽപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top