സംസ്ഥാനത്ത് കനത്ത പോളിംഗ്; ഇതു വരെ പോൾ ചെയ്തത് 75 ശതമാനത്തിലധികം

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകളിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 75.12 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. രാത്രി വൈകി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പുറത്തുവരുന്നതോടെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ 74.02 ശതമാനമായിരുന്നു പോളിംഗ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 77.35 ശതമാനമായി. എന്നാൽ ഇക്കുറി ഇതും മറികടന്നുള്ള പോളിംഗായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.
സംസ്ഥാനത്തെ 20 മണ്ഡലങ്ങിൽ 15 മണ്ഡലങ്ങളിലും 70 ശതമാനത്തിലധികം പോളിംഗ് നടന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. എല്ലായിടത്തും വോട്ടർമാർ രാവിലെ മുതൽ തന്നെ ആവേശത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തി. പോളിംഗ് അവസാനിക്കുന്ന വൈകുന്നേരം ആറു മണിക്കും നൂറുകണക്കിനു പേർ വോട്ട് രേഖപ്പെടുത്താൻ വരിയിൽ കാത്തുനിൽക്കുന്ന കാഴ്ചയാണ് പല ബൂത്തുകളിലും കാണാൻ സാധിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ രാജ്യ ശ്രദ്ധയിൽ ഇടംനേടിയ വയനാട്ടിൽ ഇക്കുറി പ്രതീക്ഷച്ചതുപോലെ റിക്കാർഡ് പോളിംഗാണ് ഉണ്ടായത്. വൈകുന്നേരത്തോടെ മണ്ഡലത്തിലെ പോളിംഗ് ശതമാനം 76 കടന്നു. ബത്തേരിയിലും കൽപ്പറ്റയിലും കനത്ത മഴയെ അവഗണിച്ചാണ് വോട്ടർമാർ സമ്മദിദാന അവകാശം രേഖപ്പെടുത്താൻ എത്തിയത്.
ശബരിമല വിഷയത്തോടെ ശ്രദ്ധേയമായ മണ്ഡലമായ പത്തനംതിട്ടയിലും അതിശക്തമായ പോളിംഗാണ് ഉണ്ടായത്. വൈകുന്നേരത്തെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 72.40 ശതമാനം പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 65.47 ശതമാനം മാത്രമായിരുന്നു പോളിംഗ്. സംസ്ഥാനത്തെ കുറവ് പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഇത്. ഇക്കുറി വോട്ടർമാർ ആവേശത്തോടെ ബൂത്തുകളിൽ എത്തിയതോടെ റിക്കാർഡ് പോളിംഗാണ് പത്തനംതിട്ടയിൽ ഉണ്ടായിരിക്കുന്നത്.
ത്രികോണ മത്സരം അരങ്ങേറുന്ന തിരുവനന്തപുരം മണ്ഡലത്തിലും റിക്കാർഡ് പോളിംഗാണ് ഉണ്ടായത്. അവസാന മണിക്കൂറുകലേക്ക് എത്തിയപ്പോൾ തന്നെ 71.10 ശതമാനം പോളിംഗ് തലസ്ഥാന നഗരത്തിൽ രേഖപ്പെടുത്തി. കഴിഞ്ഞ തവണ 68 ശതമാനം മാത്രമായിരുന്നു തിരുവനന്തപുരത്തെ പോളിംഗ്. കണ്ണൂരിലും ഇത്തവണ കനത്ത പോളിംഗായിരുന്നു. വൈകുന്നേരം അഞ്ചോടെ കണ്ണൂരില് 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here