കേരളത്തിൽ റെക്കോർഡ് പോളിംഗ്, 77.68 ശതമാനം; എട്ടിടത്ത് 80 ശതമാനം കടന്നു

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ മൂന്നാംഘട്ടത്തിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. 77.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2014-ൽ 74.02 ശതമാനമായിരുന്നു പോളിംഗ്. 2009-ൽ 73.37 ശതമാനവും.
രാവിലെ ഏഴുമണി മുതൽ പോളിംഗ് ബൂത്തുകളിൽ തുടങ്ങിയ തിരക്ക് പലയിടങ്ങളിലും രാത്രി വൈകിയും അനുഭവപ്പെട്ടു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ഇക്കുറി പോളിംഗ് ശതമാനം ഗണ്യമായി കൂടി. തിരുവനന്തപുരത്ത് 2014-ലെ 68.69-ൽനിന്ന് ഇത്തവണ 73.45 ശതമാനമായി. പത്തനംതിട്ടയിൽ 65.81ൽ നിന്ന് 74.18 ആയും തൃശ്ശൂരിൽ 72.17-ൽനിന്ന് 77.86 ആയും ഉയർന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വയനാട്ടിൽ 73.29-ൽ നിന്ന് 80.31 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണിത്.
കഴിഞ്ഞ തവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. എട്ട് മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനം 80 കഴിഞ്ഞത്. കാസർഗോഡ്, കണ്ണൂർ, വടകര, വയനാട്, കോഴിക്കോട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലാണ് പോളിംഗ് ശതമാനം 80 കടന്നത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് തൃകോണ മത്സരത്തിൽ ഏറ്റവും അധികം ശ്രദ്ധേയമായ തിരുവനന്തപുരം മണ്ഡലത്തിലാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലും 1989-ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വർഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തിൽ മികച്ച പോളിംഗ് നടന്നത്.
വോട്ടിങ് യന്ത്രങ്ങൾ പലയിടങ്ങളിലും കേടായത് വോട്ടെടുപ്പ് വൈകാനും തർക്കങ്ങൾക്കും കാരണമായി. എന്നാൽ, എങ്ങും റീപോളിംഗ് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ എല്ലാ ബൂത്തിലും വിവി പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അതും വോട്ടെടുപ്പിന് കൂടുതൽ സമയമെടുക്കാൻ കാരണമായി. ചിലയിടങ്ങളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. മഴ മൂലം പോളിംഗ് തടസപ്പെട്ട മണ്ഡലങ്ങളുമുണ്ട്.
മണ്ഡലം, പോളിംഗ് ശതമാനം, 2014 ലെ പോളിങ് ശതമാനം ബ്രാക്കറ്റിൽ
തിരുവനന്തപുരം- 73.45 (68.6)
ആറ്റിങ്ങൽ- 74.23 (68.6)
കൊല്ലം- 74.36 (72.1)
പത്തനംതിട്ട 74.18 (65.81)
മാവേലിക്കര- 74.09 (70.9)
ആലപ്പുഴ- 80.09 (78.5)
കോട്ടയം- 75.29 (71.6)
ഇടുക്കി- 76.29 (70.7)
എറണാകുളം- 77.54 (73.5)
ചാലക്കുടി-80.44 (76.9)
തൃശൂർ- 77.86 (72.1)
ആലത്തൂർ-80.33 (76.3)
പാലക്കാട്-77.57 (75)
പൊന്നാനി-74.96 (73.8)
മലപ്പുറം-75.43 (71.3)
കോഴിക്കോട്- 81.47 (79.7)
വടകര- 82.48 (81.2)
വയനാട്- 80.31 (73.2)
കണ്ണൂർ- 83.05 (81)
കാസർഗോഡ്- 80.57 ( 78.4)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here