മുൻ ഡിജിപി എംകെ ജോസഫ്: കറുത്ത മുത്തിനെ മിനുക്കിയെടുത്ത ആചാര്യൻ

ഓടിയില്ല, ചാടിയില്ല, കളിച്ചില്ല. എന്നിട്ടും കേരളത്തിൽ കളിക്കളങ്ങളിലേയ്ക്ക് പലതും നൽകാൻ മുൻ ഡിജിപി പരേതനായ എംകെ ജോസഫിനു കഴിഞ്ഞു. കേരള പൊലീസിന് എക്കാലത്തെയും മികച്ച ടീമുകൾ സൃഷ്ടിച്ച വ്യക്തി എന്ന നിലയിലോ സ്പോർട്സിൽ മികച്ച അടിസ്ഥാന സൌകര്യങ്ങൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തി എന്ന നിലയിലോ മാത്രമല്ല, മിടുക്കന്മാരായ കായികതാരങ്ങളെ കണ്ടുപിടിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അദ്ദേഹത്തിൻറെ കഴിവ് ഒന്നു വേറെ തന്നെയാണ്. അങ്ങനെ അദ്ദേഹം കണ്ടെടുത്ത് തേച്ചുമിനുക്കി കളിക്കളത്തിലേയ്ക്ക് വാരിയെറിഞ്ഞ മുത്തുകളിലൊന്നാണ് ഐഎം വിജയൻ.
കുറച്ചുകാലമെങ്കിലും ഒരു സ്പോർട്സ് റിപ്പോർട്ടറാകാൻ കഴിഞ്ഞിരുന്ന എനിക്ക് ജോസഫ് സാറുമായി നല്ല ബന്ധം നിലനിർത്താൻ കഴിഞ്ഞിരുന്നു. അദ്ദേഹം വിരമിച്ചപ്പോൾ കായികമേഖലയ്ക്ക് നല്ല സംഭാവനകൾ നൽകിയ വ്യക്തി എന്ന നിലയിൽ ഇൻറർവ്യൂ ചെയ്തിരുന്നു. കുറേസമയം സംസാരിച്ചിരുന്ന കൂട്ടത്തിലാണ് അദ്ദേഹം ഐ എം വിജയനെ കണ്ടുപിടിച്ച കഥ പറഞ്ഞത്. ഇന്ന് വിജയൻ അൻപതാം ജന്മദിനം ആഘോഷിക്കുമ്പോൾ ആ കഥ വീണ്ടും ഓർമ വരുന്നു.
തൃശൂർ തേക്കിൻകാട് മൈതാനത്ത് കേരള പൊലീസിൻറെ ഫുട്ബോൾ കോച്ച് എഎം ശ്രീധരനുമൊത്ത് വെറുതെ നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടതെന്ന് ജോസഫ് സർ ഓർക്കുന്നു. കറുത്തു മെലിഞ്ഞ ഒരു ബാലൻ ഫുട് ബോൾ കൊണ്ട് ചില മാന്ത്രിക വേലകൾ കാണിക്കുന്നു.. ചില ലോകോത്തര താരങ്ങൾ ഗ്രൌണ്ടിൽ കാലുകൊണ്ടും തല കൊണ്ടും പന്തിൽ അത്ഭുതം കാട്ടുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര അടുത്ത് നമ്മുടെ ഒരു പയ്യൻ ഇങ്ങനെ ചെയ്യുന്നത് കുറേ നേരം നോക്കിനിന്നു.
ശ്രീധരാ നമുക്ക് അവനെ കൂട്ടിയാലോ. താൻ അവനെ വിളിക്ക്. … ജോസഫ് സാർ ശ്രീധരനോടു പറഞ്ഞു.
വിജയന് അന്ന് 17 വയസുണ്ട്. ജോലിയൊന്നുമില്ല, പഠിക്കുന്നുമില്ല. സോഡ വില്പന ഉൾപ്പെടെ ചില്ലറ ജോലികൾ ചെയ്ത് ജീവിക്കുന്നു. ദരിദ്രമായ കുടുംബം. പൊലീസിൽ ജോലി കൊടുക്കാനുള്ള പ്രായവുമില്ല. എന്തായാലും തങ്ങൾ അവനെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചു. 18 വയസാകുമ്പോൾ ജോലി കൊടുക്കാമെന്നു വച്ചു. ശ്രീധരനല്ലേ കോച്ച്. വിജയൻ താരമാകുമെന്ന് തനിക്കുറപ്പുണ്ടായിരുന്നു. അതുവരെ തൽക്കാലത്തേയ്ക്ക് ജോലി നൽകി. കളി തുടരുകയും ചെയ്തു. അങ്ങനെയാണ് വിജയൻ കേരളാ പൊലീസിലെത്തുന്നതും കേരളവും ഇന്ത്യയും കണ്ട മികച്ച ഫുട് ബോളർമാരിലൊരാളായി വളരുന്നതും.
വിജയൻ പൊലീസ് വിട്ട് സ്ഥിരമായി മോഹൻ ബഗാനിലേയ്ക്ക് കുടിയേറിയ കാര്യം ചോദിച്ചപ്പോൾ ആ മുഖം മ്ലാനമായി. പെട്ടെന്ന് പ്രസന്നഭാവം വീണ്ടെടുത്ത് അദ്ദേഹം പറഞ്ഞു, അവൻ ഉയർന്നു പോകുമെങ്കിൽ സന്തോഷമേയുള്ളു. അവൻ ഉയരും ഉറപ്പാണ്, ആ വലിയ മനസ് പറഞ്ഞു. പ്രവചനം ഫലിച്ചു. ഇന്ത്യയുടെ കറുത്ത മുത്തു തിളങ്ങി. വിജയൻ ഇന്ത്യൻ ടീമിനെ നയിച്ചു. ശ്രീധരനും ഇന്ത്യയുടെ പരിശീലകനായി. ദേശീയ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള വിജയനെ വെല്ലാൻ ആരുമില്ല. രാജ്യാന്തര മത്സരങ്ങളിൽ സുനിൽ ഛെത്രി മാത്രം. ആഭ്യന്തര മത്സരങ്ങളിൽ ഛെത്രി വിജയനെ മറികടക്കാനുള്ള സാധ്യതയും കാണുന്നില്ല.
വിജയൻ പൊലീസിൽ തിരിച്ചെത്തിയപ്പോൾ ജോസഫ് സർ അവിടെയില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം നിറഞ്ഞ മനസോടെ സ്വീകരിക്കുമായിരുന്നിരിക്കണം.
മാധ്യമ പ്രവർത്തകനായ രാധാകൃഷ്ണൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here