പി കെ കുഞ്ഞാലിക്കുട്ടിയുടെ ഹൃദയം കവർന്ന കുട്ടി രാഷ്ട്രീയക്കാർക്ക് കടൽ കടന്ന് സമ്മാനം

മലപ്പുറം യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ഹൃദയം കവർന്ന കുട്ടി രാഷ്ട്രീയക്കാർക്ക് കടലിനക്കരെ നിന്നും സമ്മാനമെത്തി. പോസ്റ്ററൊട്ടിക്കാൻ പാടുപെടുന്ന കുട്ടി പ്രവർത്തകരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
മതിലിന്റെ ഉയരത്തിൽ പോസ്റ്റർ പതിക്കുന്നതിനായി ഒരാൾ മറ്റൊരാളുടെ ചുമലിൽ കയറി നിൽക്കുന്ന ചിത്രം കുട്ടികളെ കാണാൻ ആഗ്രഹമുണ്ടെന്ന അടികുറിപ്പോടെ കുഞ്ഞാലിക്കുട്ടിയും പങ്കുവെച്ചു. സ്ഥാനാർത്ഥിയുടെ ആഗ്രഹം പ്രവർത്തകർ ഏറ്റെടുത്തതോടെ പിന്നെ കുട്ടികളെ തേടിയുള്ള അന്വേഷണമായി. ഒടുവിൽ മഞ്ചേരി മേലാക്കത്ത് നിന്നും മുനവ്വിർ, മിൻഹാജ്, മുഹമ്മദ് ഫാദിൽ, ഫാത്തിമ നിദ എന്ന നാലു കുട്ടി പ്രവർത്തകരെയും കണ്ടെത്തി. നാലുപേർക്കും മക്കാ കെഎംസിസിയുടെ സമ്മാനമായി സൈക്കിളും നൽകി. സമ്മാനം നൽകാൻ കുഞ്ഞാലിക്കുട്ടിയും എത്തി. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിലാണ് സമ്മാനം കൈമാറിയത്.
കുട്ടികൾ സമ്മാനവുമായി കുഞ്ഞാലികുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ വൈറൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here